കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ വിവാദത്തില്‍ പ്രതിക്കൂട്ടിലായതോടെ കണ്ണൂരിലെ പാര്‍ട്ടി അംഗങ്ങളെയും വര്‍ഗ ബഹുജന സംഘടന നേതാക്കളെയും നിരീക്ഷിക്കാന്‍ സി.പി.എം തീരുമാനം. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. ഇടതുമുന്നണി തുടര്‍ഭരണം നേടിയ കാലഘട്ടത്തില്‍ പാര്‍ട്ടിക്കെതിരെ കണ്ണൂരില്‍നിന്ന് വരുന്ന ആരോപണങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം സംഭവങ്ങള്‍ ആവര്ത്തിക്കാതിരിക്കാണ് ശ്രമിക്കേണ്ടതെന്നും ജില്ല സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നു.
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് പറയുന്ന കണ്ണൂര്‍ അഴീക്കല്‍ കപ്പക്കടവിലെ അര്ജുന് ആയങ്കിയുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിനെതിരെയുള്ള നടപടി ഇതിെൻറ ആദ്യ ചുവടുവെപ്പാണ്. ക്വട്ടേഷന്‍ ബന്ധമുള്ളവരെയും ബ്ലേഡ് പണമിടപാടുകാരെയും പടിക്ക് പുറത്തുനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് സി.പി.എം ശുദ്ധികലശത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എം.വി. ഗോവിന്ദന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ഇ.പി. ജയരാജന് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിലാണ് ജില്ലയിലെ പാര്‍ട്ടി അംഗങ്ങളെയും വര്‍ഗ ബഹുജന സംഘടനാ നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കിയത്. യോഗതീരുമാനമനുസരിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റികള്‍ക്കും താഴെ തട്ടുവരെയുള്ള ഭാരവാഹികളെയും പ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കും. ക്വട്ടേഷന്‍ സംഘാംഗങ്ങളെയും സ്വഭാവ ദൂഷ്യമുള്ളവരെയും ഒറ്റയടിക്ക് പുറത്താക്കാനാണ് സി.പി.എം തീരുമാനം. ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ബ്രാഞ്ച് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിലൂടെ റെഡ് വളൻറിയര്മാരായതും അവര്‍ നവമാധ്യമങ്ങളില്‍ 'ഇമേജ്' സൃഷ്ടിക്കുമ്പോള്‍ കടിഞ്ഞാണിടാന്‍ കഴിയാത്തതും സെക്രട്ടറിയറ്റിൽ ചര്‍ച്ചയായി. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ നേതൃത്വം നല്കുന്ന മുഴുവന്‍ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം.
ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഇപ്പോള്‍ പാര്‍ട്ടി പേരെടുത്ത് പറഞ്ഞ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ഉണ്ടെങ്കില്‍ അവരോട് പിന്തിരിയാനും കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി തീരുമാനം അനുസരിച്ചില്ലെങ്കില്‍ അത്തരക്കാരെ പുറത്താക്കാനുമാണ് തീരുമാനം.
കണ്ണൂര്‍: ക്വട്ടേഷൻ സംഘാംഗം അര്ജുന് ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പുറത്താക്കിയ സി. സജേഷിനെതിരെ സി.പി.എം നടപടിയും. മൊയ്യാരം ബ്രാഞ്ച് അംഗം സജേഷിനെ ഒരുവർഷത്തേക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. അർജുന് വാഹനം നല്‍കിയതിൽ സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവും കോയ്യോട് സഹകരണ ബാങ്ക് അപ്രൈസറുമായ സജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് ഡി.വൈ.എഫ്.ഐ പുറത്താക്കിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് സജേഷിെൻറ കാറിലാണെന്ന് കസ്റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.