മൂന്നാർ: നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ സസ്പെൻഡ് ചെയ്യാൻ സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി ശിപാർശ ചെയ്തതായി സൂചന. ഒരു വർഷത്തേക്ക് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തിരിക്കുന്നത്.ജില്ല സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്നതും രാജേന്ദ്രനെതിരായ നടപടിക്ക് വേഗം കൂട്ടി.
രാജേന്ദ്രനൊപ്പം നാലു പേർക്കെതിരെയും നടപടിയുണ്ട്. മുൻ ഏരിയ കമ്മിറ്റി അംഗം വിജയകുമാറിനെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായാണ് അറിവ്. ഇവർക്കൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയ ഏരിയ കമ്മിറ്റി അംഗങ്ങളായ മാരിയപ്പൻ, എസ്. സ്റ്റാലിൻ, എം. രാജൻ എന്നിവർ നൽകിയ വിശദീകരണം സ്വീകരിച്ച് താക്കീത് നൽകാനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണ് ജില്ല നേതൃത്വം.
ദേവികുളത്ത് ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന അഡ്വ. എ. രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയോഗിച്ചിരുന്നു. രാജേന്ദ്രൻ ഒരു പാർട്ടി സമ്മേളനത്തിലും പങ്കെടുക്കാതിരുന്നതിനെ മുൻ മന്ത്രി എം.എം. മണി വിമർശിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാത്ത രാജേന്ദ്രനെ പുറത്താക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ജനുവരി മൂന്നിന് പാർട്ടി ജില്ല സമ്മേളനം തുടങ്ങും മുമ്പ് തന്നെ സസ്പെൻഷൻ തീരുമാനം വരുമെന്നാണ് സൂചന.
മൂന്നാർ: തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുക എന്നത് ചിലർ മുൻകൂട്ടി തീരുമാനിച്ച അജണ്ടയാണെന്ന് എസ്. രാജേന്ദ്രൻ. അതുകൊണ്ട് സസ്പെൻഷൻ നടപടിയിൽ അത്ഭുതം തോന്നുന്നില്ല. മുൻകൂട്ടി തീരുമാനിച്ച ശിക്ഷ ഇപ്പോൾ നടപ്പാക്കുന്നതായേ കരുതുന്നുള്ളൂ. തെരഞ്ഞെടുപ്പിൽ ചില നേതാക്കളുടെ വീഴ്ച മറച്ചുവെക്കാൻ തന്നെ കരുവാക്കുകയാണ്.
തനിക്ക് പറയാനുള്ളത് ജില്ല സെക്രട്ടറി മുതൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കുവരെ എഴുതി നൽകിയിട്ടുണ്ട്. അതിലെ വിവരങ്ങൾ അവർ അന്വേഷിക്കണം -രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.