സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടി മറക്കാൻ സി.പി.എം ഗവർണറെ അപമാനിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സി.പി.എം ഗവർണറെ അപമാനിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി. ഇതിന്റെ ജാള്യത കൊണ്ടാണ് എം.വി ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നത്.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണ് സി.പി.എം. ഗവർണർ രാജിവെക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങൾ ലംഘിച്ച് യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വി.സിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടത്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് ഇനിയും സ്ഥാനത്ത് തുടരാൻ അർഹതയില്ല.

നവകേരള സദസിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഇടതു സർക്കാർ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഗോവിന്ദന്റെ ജോലി.

നവകേരള സദസ് നുണ കേരള സദസായി മാറി കഴിഞ്ഞു. യാത്രയുടെ നാളുകളിൽ ഓരോ ദിവസവും സർക്കാരിന് കോടതിയിൽ നിന്നും തിരിച്ചടിയേൽക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നത്. അതുകൊണ്ടൊന്നും ജനശ്രദ്ധ മാറ്റാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - CPM is insulting the Governor to forget the setback from the Supreme Court. K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.