പ്രതീക്ഷിച്ചിരുന്ന വോട്ടുകൾ പോലും ബി.ജെ.പി സ്വന്തമാക്കി; സർക്കാർ, പാർട്ടി സമീപനങ്ങളിൽ തിരുത്തലുകൾ വേണമെന്ന് സി.പി.എം നേതൃയോഗം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉറപ്പുള്ള പാർട്ടി വോട്ടുകളിൽ പോലും ചോർച്ചയുണ്ടായി എന്ന് സി.പി.എം നേതൃയോഗങ്ങളിൽ വിലയിരുത്തൽ. പാർട്ടിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്ന മേഖലകളിൽപോലും നേട്ടമുണ്ടാക്കാനായില്ല. സംഘടന സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിലും പൊതുവോട്ടുകൾ ആകർഷിക്കാനും കഴിഞ്ഞില്ല. രണ്ടു ദിവസത്തെ സെക്രട്ടേറിയറ്റ് യോഗ ശേഷം ചൊവ്വാഴ്ചയാരംഭിച്ച സംസ്ഥാന കമ്മിറ്റിയിലാണ് സ്വയംവിമർശന സ്വഭാവത്തിൽ വിലയിരുത്തലുകളുണ്ടായത്. ബി.ജെ.പിയുടെ വോട്ടുയർച്ചക്ക് കാരണം കോൺഗ്രസ് വോട്ടുകൾ ചോർന്നത് മാത്രമല്ല. ഇടതുസ്ഥാനാർഥികൾക്ക് പ്രതീക്ഷിച്ചിരുന്ന വോട്ടുകൾ പോലും ബി.ജെ.പി സ്വന്തമാക്കിയിട്ടുണ്ട്. താഴേത്തട്ടിൽ സൂക്ഷ്മപരിശോധന വേണം. വലിയ തിരിച്ചടികളുണ്ടായ മണ്ഡലത്തിൽ പ്രത്യേക പരിശോധന നടത്തണമെന്നും ആവശ്യമുയർന്നു. ഇതിനായി സംസ്ഥാന കമ്മിറ്റി സമിതിയെ നിയോഗിച്ചേക്കും.

സർക്കാർ സമീപനങ്ങളിലും പാർട്ടി നിലപാടുകളിലും തിരുത്തലുകൾ വേണമെന്ന അഭിപ്രായമുണ്ടായെങ്കിലും ഭരണവിരുദ്ധ വികാരമെന്നതിനെ ചുറ്റിപ്പറ്റി അധികചർച്ചകളുണ്ടായില്ല. നിലവിലെ തിരിച്ചടിയുടെ ആഘാതം മറികടക്കണമെങ്കിൽ ജനവിശ്വാസമാർജിക്കണം. അതേസമയം, ജനങ്ങളിലേക്കിറങ്ങുന്നതിന് പതിവായി സ്വീകരിക്കുന്ന ഗൃഹസന്ദർശനങ്ങൾ പഴയപോലെ ഫലം കാണുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ കഴിഞ്ഞത് സർക്കാറും പാർട്ടിയും ഏകോപനസ്വഭാവത്തിൽ മുന്നോട്ടുപോയതിനാലാണ്. ഇതേ മാതൃകയിലുള്ള ഇടപെടലുകളാണ് വേണ്ടത്.

20 മണ്ഡലങ്ങളിലെയും വോട്ടുവിഹിതം അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ നടന്നത്. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടുകളുടെ കണക്ക്, ഇടതുപക്ഷത്തിന് വോട്ടുചോർച്ചയുണ്ടായ മേഖലകൾ, തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സമൂഹിക സാഹചര്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് മണ്ഡലങ്ങളിൽനിന്ന് ലഭിച്ചത്. ഇക്കാര്യം സെക്രട്ടേറിയറ്റ് യോഗം പരിശോധിച്ച ശേഷമാണ് ചൊവ്വാഴ്ച ആരംഭിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിലയിരുത്തലായി സമർപ്പിച്ചത്. വോട്ടു ചോർച്ചയെ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്. സംസ്ഥാന കമ്മിറ്റിയുടെ കൂടി വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടിക്കുള്ള കർമപരിപാടി തയാറാക്കുമെന്നും വിവരമുണ്ട്. അഞ്ചു ദിവസത്തെ നേതൃയോഗങ്ങൾ പൂർത്തിയാകുന്നതിനൊപ്പം തിരുത്തലിനായി ഇനി ചെയ്യേണ്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മാർഗരേഖ കൂടി തയാറാക്കുമെന്നും വിവരമുണ്ട്.

Tags:    
News Summary - CPM leaders meet demands corrections in government and party approaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.