വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് മുന്നോടിയായി പാർട്ടി തൊഴിലാളി സംഘടനകളിലെ തെറ്റായ പ്രവണതകളെ നിയന്ത്രിക്കാൻ നീക്കവുമായി സി.പി.എം. ഇതിനായി എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയിലെ നിർദേശങ്ങൾ ഉൾപ്പെടുത്തി സി.പി.എം ട്രേഡ് യൂനിയൻ രേഖ പുതുക്കും.
ട്രേഡ് യൂനിയൻ രേഖ പുതുക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് നാലാം തീയതി തുടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിൽ ആരംഭം കുറിക്കും. തൊഴിലാളികൾക്കിടയിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.
കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ സി.ഐ.ടി.യു നടത്തിയ സമരങ്ങൾ സി.പി.എമ്മിലും സംസ്ഥാന സർക്കാറിനും ഭിന്നാഭിപ്രായങ്ങൾക്ക് വഴിവെച്ചിരുന്നു. ഇടത് മന്ത്രിമാരെ ഇടത് തൊഴിലാളി സംഘടനാ നേതാക്കൾ വിരട്ടുന്നതിലും കലാശിച്ചു. ഇതും സി.പി.എമ്മിന്‍റെ പുതിയ നീക്കത്തിന് കാരണമായെന്നാണ് വിവരം.
വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് തൊഴിലാളികളുടെ കടമയാണ്. സ്ഥാപനത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് ശമ്പള പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച വേണം. മുൻകാലങ്ങളിലെ വിലപേശൽ ശൈലി പറ്റില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് തൊഴിലാളികൾ സ്വീകരിക്കേണ്ട സമീപനവും തൊഴിലാളി സംഘടനകളോട് സി.പി.എം വ്യക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.