പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആടെന്ന പദവി സ്വന്തമാക്കി ഇടുക്കിക്കാരിയായ കറുമ്പിയെന്ന കുഞ്ഞനാട്. കനേഡിയൻ പിഗ്മി ഇനത്തിൽപെട്ട ഈ പെണ്ണാടിന് ഉയരം വെറും 40.50 സെന്‍റിമീറ്റർ (1.3 അടി) മാത്രം.
പീരുമേട് പള്ളിക്കുന്നിലെ ലെനു പീറ്ററിന്‍റെ ഫാമിൽ നാല് വർഷം മുമ്പാണ് കറുമ്പി ജനിക്കുന്നത്. പിഗ്മി ഇനത്തിൽപെട്ട ആടുകൾക്ക് പൊതുവെ ഉയരക്കുറവാണെങ്കിലും കറുമ്പി ആട് പ്രായം കൂടുംതോറും കുഞ്ഞനായി തുടർന്നു. മാസങ്ങൾക്കുമുമ്പ് പ്രസവിക്കുകയും ചെയ്തു. കുഞ്ഞാടും കറുമ്പിയോളം എത്തിയിട്ടുണ്ട്. ഈ സമയത്താണ് ലോക നേട്ടത്തിനുള്ള സാധ്യതയുണ്ടെന്ന് ലെനു പീറ്റർ തിരിച്ചറിഞ്ഞത്. ഫാം സന്ദർശിച്ച വിദേശിയാണ് ഇത് ആദ്യം പറഞ്ഞത്.
ലിനു 15 വർഷം മുമ്പാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള ഒരു ജോടി ആടുകളെ വാങ്ങിയത്. ഇപ്പോൾ മൂന്ന് ആൺ ആടും അഞ്ച് പെൺ ആടും 20 കുഞ്ഞുങ്ങളും ഉണ്ട്. മൂന്ന് നിറങ്ങളിലാണ് ആടുകൾ. കനേഡിയൻ പിഗ്മിയുടെ വംശഗുണം നിലനിർത്താൻ ഓരോ തവണയും ഓരോ ആണാടിനെ ഉപയോഗിച്ചാണ് ഇണചേർക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറും സഹായികളുമാണ് ആടിന്‍റെ പ്രായം, ബ്രീഡ്, അളവുകൾ എല്ലാം രേഖപ്പെടുത്തി ഗിന്നസ് വേൾഡ് റെക്കോഡിനായി അയച്ചത്. വിശദമായ വിലയിരുത്തലിനുശേഷം ഒരാഴ്ച മുമ്പ് റെക്കോഡ് ലഭിച്ചെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. യൂനിവേഴ്സൽ റെക്കോഡ് ഫോറം വേൾഡ് റെക്കോഡിലും കറുമ്പി ഇടംപിടിച്ചിട്ടുണ്ട്. കറുമ്പിക്കായുള്ള ഗിന്നസ് വേൾഡ് റെക്കോഡ് ഫലകം ലെനുവിന് സമ്മാനിച്ചു. സ്വകാര്യ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടറാണ് ലെനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.