മുസ്‍ലിം ലീഗിനെ മലപ്പുറത്തെ ഫലസ്തീൻ റാലിയിലേക്ക് ക്ഷണിക്കുന്നില്ലെന്ന് സി.പി.എം

മലപ്പുറം: സി.പി.എം റാലിയിൽ മുസ്‍ലീം ലീഗിന് പങ്കെടുക്കാൻ താൽപര്യമുണ്ട് എന്ന് അറിയാമെങ്കിലും സാങ്കേതികത്വം പരിഗണിച്ച് അവരെ മലപ്പുറത്തെ റാലിയിലേക്ക് ക്ഷണിക്കുന്നില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രതികരിച്ചു.

ആര്യാടൻ ഷൗക്കത്തിന്‍റെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ്. അവർ നിലവിൽ യു.ഡി.എഫിന്‍റെ ഭാഗമായതിനാൽ അദ്ദേഹത്തിനും പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ക്ഷണിക്കാത്തത്. മുസ്‍ലീം ലീഗും ഷൗക്കത്തും റാലിയിൽ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യമായാണ് കരുതുന്നത്. പക്ഷേ, അവരെ ക്ഷണിച്ചിട്ടില്ല. മലപ്പുറത്ത് ചടങ്ങിൽ നിലവിൽ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ പേർ പ്രസംഗിക്കാനുണ്ടാവും.

സംഘടനയുടെ ഭാഗത്ത് നിന്ന് ആരാണ് പ്രസംഗിക്കാനെത്തുക എന്ന് സംഘടനയാണ് തീരുമാനിക്കുക. റാലി സംബന്ധിച്ച് മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.എൻ. മോഹൻദാസ്. വെള്ളിയാഴ്ചയാണ് മലപ്പുറത്തെ റാലി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ റാലി ഉദ്ഘാടനം ചെയ്യും.

മന്ത്രി വി. അബ്ദുറഹ്മാൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാർ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, കേരള മുസ്‍ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂർ മലപ്പുറം, മലപ്പുറം സെന്റ്തോമസ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, എം.എൽ.എമാരായ പി. നന്ദകുമാർ, ഡോ. കെ.ടി. ജലീൽ, പി.വി. അൻവർ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, അഷ്റഫ് വല്ലപ്പുഴ തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - CPM not inviting Muslim League to Palestine rally in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.