ആർ.എസ്.എസി​നെ പ്രതിരോധിക്കാൻ 'ഹിന്ദുത്വം' പഠിക്കാനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: ആർ.എസ്.എസിനെയും വർഗീയതയെയും ഫലപ്രദമായി തടയാൻ 'ഹിന്ദുത്വ'ത്തെ കുറിച്ച് പഠിക്കാനൊരുങ്ങുകയാണ് സി.പി.എം. എന്താണ് ഹിന്ദുത്വമെന്നും ആർ.എസ്.എസ് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്നും പഠിക്കാനും അത് ​പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കാനുമാണ് തീരുമാനം. വർഗീയതയെ ചെറുക്കാൻ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് സി.പി.എം കണ്ടെത്തൽ.

ആർ.എസ്.എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ പാർട്ടി ക്ലാസിനുള്ള കരിക്കുലത്തിൽ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉൾപ്പെടുത്തുമെന്ന് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ആർ.എസ്.എസ്, ഹിന്ദുത്വം എന്നിവ കരിക്കുലത്തിൽ ഉൾപ്പെടുത്താനായി രൂപരേഖ തയാറാക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിനാണ്.

ആർ.എസ്.എസ് എന്താണെന്നും അത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വർഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന് മനസിലാക്കിയാണ് പാർട്ടി വിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്കരണത്തിന് ഒരുങ്ങുന്നത്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്കൂളായി ഡൽഹിയിലെ ഹർകിഷൻ സിങ് സുർജിത് ഭവൻ പ്രവർത്തിക്കും.

പാർട്ടിയിൽ യുവ അംഗങ്ങൾ കൂടുന്നുണ്ടെങ്കിലും സംഘടനാ വിദ്യാഭ്യാസമില്ല. അത് കൂടി മുന്നിൽ കണ്ടാണ് അംഗങ്ങളിൽ രാഷ്ട്രീയ - സംഘടനാ ബോധം വളർത്തുന്നതിനായി പാർട്ടി ക്ലാസുകൾ മെച്ചപ്പെടുത്തുന്നത്. കൂടാതെ എല്ലാ രാഷ്ട്രീയ സംഭവങ്ങളിലും പാർട്ടി കേന്ദ്രം നയപരമായ വിശദീകരണം നൽകും. ഹിന്ദി മേഖലകളിൽ പാർട്ടി വളർത്തുന്നതിനായി കൂടുതൽ പ്രവർത്തനങ്ങൾ മുന്നോട്ടുവെക്കാനും തീരുമാനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - CPM ready to learn Hinduism to defend RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.