സി.പി.എം പിരിച്ചുവിട്ട് നേതാക്കൾ കാശിക്ക് പോകണം, അണികൾ ബി.ജെ.പിയിലേക്ക് വന്നോട്ടെ -കെ. സുരേന്ദ്രൻ

തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാന ആശയം തന്നെ പ്രായോഗികമല്ലെന്ന് നേതൃത്വം തുറന്നുപറഞ്ഞ സാഹചര്യത്തിൽ സി.പി.എം പിരിച്ച് വിടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി പിരിച്ചുവിട്ട് നേതാക്കൾ കാശിക്ക് പോകട്ടെ, അണികൾ ബി.ജെ.പിയിലേക്കോ ദേശീയ പ്രസ്ഥാനങ്ങളിലേക്കോ വന്നോട്ടേയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്നും വിശ്വാസികളെ അംഗീകരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തങ്ങളുടെ അടിസ്ഥാന ആശയം ആരും അംഗീകരിക്കുന്നതല്ലെന്ന് സി.പി.എം തുറന്നുപറഞ്ഞിരിക്കുകയാണ്. ദേശീയതയെയും നാടിനെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവർ പരാജയപ്പെട്ടത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യം അടുത്തുവെന്നതിന്‍റെ തെളിവാണ് എം.വി. ഗോവിന്ദന്‍റെ പ്രസ്താവന. ആശയപരമായി നിലനിൽപ്പില്ലാത്ത ഒരു പാർട്ടിക്ക് എങ്ങനെയാണ് പിന്തുണ ലഭിക്കുകയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

സർവത്ര അനധികൃത നിയമനങ്ങളാണ് സർക്കാർ നടത്തുന്നത്. യോഗ്യതയില്ലാത്തവരെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ പോലും നിയമിക്കുന്നത്. ഇനിയൊരു എൽ.ഡി.എഫ് സർക്കാർ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പരമാവധി ആശ്രിതരെയും പാർട്ടിക്കാരെയും നിയമിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.  

Tags:    
News Summary - cpm should dissolve and leaders go to Kashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.