തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് കത്തെഴുതിയെന്ന വിവാദത്തിൽ വിശദീകരണം നൽകാൻ മേയർ ആര്യ രാജേന്ദ്രനെ വിളിപ്പിച്ചു. സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് മേയറെ വിളിച്ചുവരുത്തിയത്. ജില്ലയിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലേക്കാണ് വിളിപ്പിച്ചത്.
കത്തെഴുതിയിട്ടില്ലെന്നും കത്തിൽ തന്റെ ഒപ്പില്ലെന്നും മേയർ വിശദീകരിച്ചു. അതേസമയം കത്ത് വിവാദത്തിൽ മേയർ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. മേയറുടെ കത്ത് ചോർന്നതിനു പിന്നിൽ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ കടുത്ത വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം നഗരസഭയിലെ താൽകാലിക തസ്തികകളിൽ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്. 295 ഒഴിവുകൾ ഉണ്ടെന്ന് കാണിച്ചായാണ് മേയർ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ, കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറിയും പ്രതികരിച്ചു. ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഴുത്തിൽ അഭ്യർഥിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.