തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വിളിപ്പിച്ച ചോദ്യം ചെയ്യലിനായി സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് ചൊവ്വാഴ്ച ഹാജരാകില്ല. ഇക്കാര്യം ഇ.ഡിയെ അറിയിച്ചു.
ഏഴിന് ശേഷം ഹാജരാകാൻ സാവകാശം നൽകണമെന്ന വർഗീസിന്റെ അപേക്ഷ ഇ.ഡി അനുവദിച്ചു. നവംബർ 24നും ഡിസംബർ ഒന്നിനും ഇതിന് മുമ്പ് രണ്ട് തവണയായി വർഗീസിനെ ചോദ്യം ചെയ്തിരുന്നു. അവധി അപേക്ഷ നിരസിച്ച് കർശന നിർദേശം നൽകിയപ്പോഴായിരുന്നു രണ്ട് തവണയും ഹാജരായത്.
ചോദ്യങ്ങളിൽ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട രേഖകൾ പൂർണമായി നൽകിയിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങൾ പൂർണമല്ലെന്നും അറിയിച്ചാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാനുള്ള ഇ.ഡിയുടെ നിർദേശം.
നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടായിരിക്കെ പാർട്ടി ജില്ല സെക്രട്ടറി ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഇരിക്കേണ്ടി വരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും കാര്യമറിയിച്ച് അപേക്ഷ നൽകുകയായിരുന്നു. രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിൽ വിഷയം പരിഗണിച്ച് അപേക്ഷ അംഗീകരിക്കുകയായിരുന്നു.
ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന ഏഴ് വരെയാണ് അവധി ചോദിച്ചത്. ഏഴിന് ശേഷമുള്ള ദിവസം പിന്നീട് ഇ.ഡി അറിയിക്കും. കരുവന്നൂർ വ്യാജ ലോണുകളിൽ കമീഷൻ വാങ്ങുന്നതിനായി പാർട്ടിക്ക് രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നുവെന്നും വായ്പകൾ അനുവദിക്കുന്നതിനായി പാർട്ടി സബ് കമ്മിറ്റി പ്രവർത്തിച്ചിരുന്നുവെന്നതുമടക്കം മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ല സെക്രട്ടറിയിലേക്ക് അന്വേഷണമെത്തിയത്.
പാർട്ടി ജില്ല കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിട്ടില്ലെന്നും ഇ.ഡിയുടെ തിരക്കഥ ഒരേ കേന്ദ്രത്തിൽനിന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് സി.പി.എം വിശദീകരണം. രണ്ട് അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നുവെന്നും ക്രമക്കേട് ആരോപണമുയർന്നതോടെ അക്കൗണ്ടുകളിലെ പണമെല്ലാം പിൻവലിച്ച് കാലിയാക്കിയെന്നുമാണ് ഇ.ഡി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.