വാളയാർ: മുഖ്യമന്ത്രിയോടും ഹരീഷിനോടും പൊറുക്കാനാവില്ല -സി.ആർ. പരമേശ്വരൻ

കൊച്ചി: വാളയാറിൽ രണ്ടു കുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയോടും അമ്മയെ അവഹേളിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ അഡ്വ. ഹരീഷ് വാസുദേവനോടും പൊറുക്കാനാവില്ലെന്ന് എഴുത്തുകാരൻ സി.ആർ. പരമേശ്വരൻ. ഫേസ്ബുക്ക് കുറിപ്പിലാണ് സി.ആർ. പരമേശ്വരൻ തൻെറ നിലപാട് വ്യക്തമാക്കിയത്.

80 കൊല്ലമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി നെടുനായകമായി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്തു ഇങ്ങനെ ഒരു സാമൂഹ്യപിന്നോക്ക പ്രദേശം ഉണ്ടെന്നതിൽ ലജ്ജിക്കേണ്ടത് സി.പി.എമ്മിൻെറ പരമാധികാരിയായ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം കുറിച്ചു. 'എൻെറ പോലീസിനെയും എൻെറ പാർട്ടിക്കാരെയും ഒരിക്കലും ശിക്ഷ ഏൽക്കാൻ ഞാൻ സമ്മതിക്കില്ല' എന്ന മുഖ്യമന്ത്രയുടെ അധാർമിക നിഷ്ഠയാണ് ആ കുട്ടികൾക്ക് നീതി നിഷേധിക്കാൻ ഇടയായത്.

ഒരു മനുഷ്യന് ഇത്രയും അധമത്വവും കുടിലതയുമോയെന്ന് അമ്പരപ്പ് തോന്നിയ ദിവസമാണ് ആ അമ്മയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു കാലു പിടിപ്പിച്ച ദിവസം. കേന്ദ്ര ബാലവകാശ കമ്മീഷൻ വാളയാർ സന്ദർശിക്കുമ്പോൾ ആ സ്ത്രീ മൊഴി കൊടുക്കുന്നത് തടയാനാണ് അന്നേ ദിവസം തന്നെ ഒരു ശിങ്കിടിയെക്കൊണ്ട് തിരുവനന്തപുരത്തേക്ക് തട്ടിക്കൊണ്ടു പോയത്.

ആ കുട്ടികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്നത് യാഥാർഥ്യമാണ്. എന്നാൽ, ആ കൊലപാതകികൾ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല. കേസ് കിളിയൂർ - കവിയൂർ കേസിൻെറ വഴിയേ പോകും. അതേ സി.ബി.ഐയും അതേ സൂത്രധാരന്മാരുമാണ് ഇവിടെയുമുള്ളത്.

Also Read:'നീതി കിട്ടാതെ മടക്കമില്ല, ഇനി ധർമടം സാക്ഷി'

ആ അമ്മയെകുറിച്ചുള്ള ആരോപണം വിശ്വസിക്കുന്നില്ല. ആരോപണം ശരിയാണ് എന്ന് തന്നെയിരിക്കട്ടെ. ആ സാമൂഹ്യപിന്നോക്കാവസ്ഥക്ക് നമ്മളും സംഘടിതസാമൂഹ്യ പ്രസ്ഥാനങ്ങളുമാണ് കൂടുതൽ ഉത്തരവാദി. നമ്മൾ ലജ്ജിക്കേണ്ടിടത്ത് അവരെയാണോ അവഹേളിക്കേണ്ടത്? അതും എന്തൊരു ഭാഷയിൽ? ദളിത്‌ പ്രവർത്തനം ബുദ്ധിജീവിത്വം മാത്രമല്ലാത്ത മഹാരാഷ്ട്രയിലോ മറ്റോ ആയിരുന്നെങ്കിൽ he would have been lynched for his words.

രണ്ടു മൂന്നു തലമുറകളിലെ മനുഷ്യാവകാശ -പരിസ്ഥിതി പ്രവർത്തകരെ കണ്ടിട്ടുണ്ട്. Your friend is a malicious trojan horse in these areas. (നിങ്ങളുടെ സുഹൃത്ത് ഈ മേഖലയിലെ ക്ഷുദ്ര ട്രോജൻ കുതിരയാണ്). ഇതു പോലുള്ള fraud കൾ ചെറുപ്പത്തിലേ exposed ആകുന്നത് സമൂഹത്തിനു നല്ലതാണ്.

വാളയാർ കേസ് ഓരോ ഘട്ടത്തിലും ശ്രദ്ധാപൂർവം നിരീക്ഷിച്ചിരുന്നു. സമൂഹത്തിൽ രണ്ടു വിധത്തിൽ കഠിനമായി പാർശ്വൽക്കരിക്കപ്പെട്ട ഒരു വ്യക്തിത്വത്തെ അവഹേളിക്കുന്നവരോട് പൊറുക്കാനാവില്ല. ഇത് മുഖ്യമന്ത്രിക്കും ഹരീഷിനും ബാധകമാണെന്ന് സി.ആർ പരമേശ്വരൻ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.