മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ മൂന്നുപേരുടെ ജീവനെടുത്ത പടക്ക നിർമാണശാല ഉടമ സെയ്ദ് ബഷീറിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വേനൂർ റോഡിൽ ഗോളിയങ്ങാടിയിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് തൊഴിലാളികളായിരുന്നു മരിച്ചത്.
സംഭവശേഷം രക്ഷപ്പെട്ട ഉടമയെ സുള്ള്യയിൽനിന്നാണ് പൊലീസ് പിടികൂടിയത്. സ്ഫോടനം നടന്ന സ്ഥലവാസി ശാന്തി കുട്ത്യാറുവിന്റെ പരാതിയിലാണ് വേനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആവശ്യമായ ഔദ്യോഗിക അനുമതിയോ സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെയാണ് തോട്ടത്തിൽ പടക്കനിർമാണം നടത്തിവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത് പറഞ്ഞു.
മരിച്ചവരിൽ രണ്ടുപേർ മലയാളികളും ഒരാൾ ഹാസൻ സ്വദേശിയുമാണെന്നാണ് പ്രാഥമിക അറിവ്. സ്ഫോടന ആഘാതത്തിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങൾ. മൂന്നാമൻ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. എ. സ്വാമി (55), എം. വർഗീസ്(68), ഹാസൻ അർസിക്കരയിലെ ചേതൻ (25) എന്നിവരാണ് മരിച്ചത്.
ഹാസൻ സ്വദേശികളായ സി. ദിനേശ് (32), കെ. കിരൺ (30), അരസികരെയിലെ യു. കുമാർ (33), ചിക്കമരഹള്ളിയിലെ എം. കലേശ(29), കെ. പ്രേം (27), സി. കേശവ് (34) എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.