കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ കേസെടുത്തതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജി ഹൈകോടതി വിശദ വാദത്തിന് മാറ്റി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതിയിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹരജിയാണ് വ്യാഴാഴ്ച വിശദ വാദത്തിന് ജസ്റ്റിസ് വി.ജി. അരുൺ മാറ്റിയത്. ഹരജി പരിഗണിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വരെ കേസിൽ ൈക്രംബ്രാഞ്ച് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിെൻറ വെളിപ്പെടുത്തലിനെത്തുടർന്നുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാൻ പി. രാധാകൃഷ്ണൻ നേരത്തേ നൽകിയ ഹരജി വിശദവാദത്തിന് മറ്റിയിരിക്കുകയാണ്. ഇതിനൊപ്പമാവും ഈ കേസും പരിഗണിക്കുക.
ഒരേ വിഷയത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തെ അട്ടിമറിക്കാനാണ് തുടരെത്തുടരെ കേസെടുക്കുന്നതെന്നും ഹരജിയിൽ പറയുന്നു. സന്ദീപിനെ ജയിലിലെത്തി ചോദ്യംചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയിരുന്നു. ഇൗ ഉത്തരവ് റദ്ദാക്കണം. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് സി.ആർ.പി.എഫ് ഉൾപ്പെടെ ഏതെങ്കിലും കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ജയിലുകളിൽ ഇവരെ സന്ദർശിച്ചവരുടെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ക്രൈംബ്രാഞ്ച് കേസിൽ സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സീനിയർ അഭിഭാഷകന് കേസിൽ ഹാജരാകാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. രണ്ട് സംഭവങ്ങളെത്തുടർന്നാണ് രണ്ട് കേസെടുത്തിട്ടുള്ളത്. ഒരേവിഷയത്തിൽ രണ്ട് കേെസടുത്തെന്ന വാദം ശരിയല്ല. സ്റ്റേ അനുവദിക്കുന്നത് സർക്കാർ എതിർക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ഹരജി പരിഗണിക്കുന്നതുവരെ അന്വേഷണം വൈകിപ്പിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് കേസിൽ നടപടിയെടുക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.