കോഴിക്കോട്: തടവുകാർ സ്വർണക്കടത്ത്, കവർച്ച, ക്വട്ടേഷൻ ഉൾപ്പെടെ കുറ്റകൃത്യങ്ങളിലിടപെട്ടത് സംബന്ധിച്ച മൊഴികൾ പുറത്തുവന്നതോടെ ഇവരുടെ ഫോൺ വിളികൾ പരിശോധിക്കാൻ ജയിൽ വകുപ്പ്. തടവുകാർക്ക് ഒരു സാഹചര്യത്തിലും മൊബൈൽ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഔദ്യോഗിക സംവിധാനം വഴിയുള്ള ഫോൺ വിളികളും പരിശോധിക്കാനാണ് ജയിൽ മേധാവികൾക്ക് ഡി.ജി.പി ഋഷിരാജ് സിങ് നിർദേശം നൽകിയത്. രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ തടവുകാർ ഉപയോഗിക്കുന്ന ഔദ്യോഗിക ടെലിഫോൺ സംവിധാനം ചിലർ ദുരുപയോഗം ചെയ്തതിെൻറ സൂചന ലഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനുമതിയോടെ കോളിങ് കാർഡ് ഉപയോഗിച്ചാണ് തടവുകാർക്ക് മാസത്തിൽ നിശ്ചിത രൂപ ചെലവഴിച്ച് ബന്ധുക്കളെയടക്കം ഫോൺ ചെയ്യാനാവുക. യന്ത്രത്തിൽ കാർഡിട്ട് വിളിക്കുന്ന രീതിയാണിത്.
മുൻകൂട്ടി നൽകുന്ന മൂന്ന് നമ്പറുകൾ വരെ ഇതിൽ സേവ് ചെയ്യാനും കഴിയും. എന്നാൽ മറുഭാഗത്തുള്ളവർ ഫോണിലെ കോൾ ഡൈവേർഷൻ പ്രവർത്തിപ്പിച്ച് മറ്റു നമ്പറിലേക്ക് മാറ്റി പുറത്തുള്ളവരോട് സംസാരിക്കാൻ അവസരമാരുക്കുന്നതായാണ് സൂചന. മറുഭാഗത്തുള്ളയാൾ ഫോൺ കോൺഫറൻസ് മോഡിലിട്ടാൽ ഒരേ സമയം ഒന്നിലധികം പേരോടും തടവുകാർക്ക് സംസാരിക്കുകയും ചെയ്യാം.
അടുത്തിടെ പുറത്തുവന്ന സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിലടക്കം ടി.പി. ചന്ദശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ ആരോപണം നേരിട്ടവർ ഇടപെടാനുള്ള സാധ്യതയും ഈ രീതിയിലാവാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാന രീതിയിൽ വിചാരണ തടവുകാർക്ക് പരാതിക്കാരെ പോലും നേരിട്ട് ബന്ധപ്പെടാനും സ്വാധീനിക്കാനും കഴിയുമെന്നും ആക്ഷേപമുണ്ട്. റെക്കോഡിങ് സംവിധാനമുള്ളതിനാൽ സംഭാഷണങ്ങൾ വീണ്ടെടുക്കാമെങ്കിലും ഇത് പലയിടത്തും പ്രവർത്തന രഹിതമാണ്. ടി.പി. കേസ് പ്രതികൾ കോഴിക്കോട് ജില്ല ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചിത്രങ്ങൾ ഫേസ്ബുക്കിലടക്കം പങ്കുവെക്കുകയും ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിൽ നൂറിലേറെ മൊബൈൽ ഫോണുകളാണ് കണ്ണൂർ, വിയ്യൂർ ജയിലുകളിൽനിന്നടക്കം പിടിച്ചത്. ഇതു സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. അതേസമയം, തടവുകാർക്ക് മൊബൈൽ കിട്ടാൻ വഴിയില്ലെന്ന് പറയുന്ന ജയിൽ വകുപ്പ് മണ്ണിൽ കുഴിച്ചിട്ട മൊബൈൽ ഫോണുകളടക്കം കണ്ടെത്താൻ സഹായിക്കുന്ന ലീനിയർ ജങ്ഷൻ ഡിറ്റക്ടറുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രമാദ കേസുകളിൽ ജയിലിലായ ജോളി ജോസഫ്, മുഹമ്മദ് നിസാം, പൾസർ സുനി, കൊടി സുനി, മുഹമ്മദ് ഷാഫി, കിർമാണി മനോജ് എന്നിവരടക്കം ജയിലുകളിലെ ഫോൺവിളിയുമായി ബന്ധപ്പെട്ട് നേരത്തെ നിയമനടപടി നേരിട്ടവരാണ് എന്നതും വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.