കാക്കനാട്: കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് വൻതോതിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളാണെന്ന ആരോപണങ്ങൾക്ക് ആക്കം നൽകുന്നതാണ് ഇടച്ചിറയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരനായ സജീവ് കൃഷ്ണയുടെ കൊലപാതകം. ലഹരി തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ നിഗമനം.
ആയിരക്കണക്കിന് ഫ്ലാറ്റ് സമുച്ചയങ്ങളാണ് കൊച്ചിയിലും പരിസരത്തുമുള്ളത്. താമസക്കാർക്ക് പരസ്പരം അറിയില്ല എന്നുള്ളത് മുതലെടുത്താണ് ഇത്തരക്കാർ ഫ്ലാറ്റുകളെ മറയാക്കി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതിനു പിന്നിൽ. ഇതോടെ പഴി മുഴുവൻ എല്ലാവരും കേൾക്കേണ്ട അവസ്ഥയുമുണ്ട്. കാക്കനാടിന് സമീപം തെങ്ങോടുള്ള ഫ്ലാറ്റിൽ ഫെബ്രുവരിയിലായിരുന്നു രണ്ടര വയസ്സുകാരിക്ക് മാരക മർദനമേറ്റത്. കഴിഞ്ഞ വർഷം മോഡലിനെ ലഹരി പാനീയം നൽകി പീഡിപ്പിച്ചത് ഇൻഫോപാർക്കിന് സമീപത്തായിരുന്നു.
കഴിഞ്ഞ വർഷം കങ്ങരപ്പടിക്ക് സമീപത്തെ ഫ്ലാറ്റിൽ വൈഗ എന്ന എട്ടു വയസ്സുകാരിയുടെ കൊലപാതകവും ഏറെ വിവാദമായിരുന്നു. പിതാവ് സനു മോഹൻ തന്നെയായിരുന്നു വൈഗയെ കൊലപ്പെടുത്തി മുട്ടാർപുഴയിൽ താഴ്ത്തിയത്. വർഷങ്ങളായി ഇവിടെയായിരുന്നു താമസമെങ്കിലും സമീപത്തെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുമായി വലിയ ബന്ധമില്ലായിരുന്നു എന്നാണ് കണ്ടെത്തിയത്.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും സ്ഥിരം വാർത്തയാണ്. യുവാക്കളും യുവതികളും അടക്കം നിരവധി പേരാണ് ഒരു വർഷത്തിനിടെ പൊലീസ് പിടിയിലായത്. ജനുവരി ഒന്നിനായിരുന്നു തൃക്കാക്കര നവോദയ ജങ്ഷന് സമീപത്തെ ഫ്ലാറ്റില്‍ ലഹരി പാർട്ടി നടക്കുന്നത് അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിന് 15ാം നിലയിൽനിന്ന് ഒരാൾ എടുത്ത് ചാടിയത്. സാരമായി പരിക്കേറ്റ ഇയാൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാക്കനാട്: ഇടച്ചിറയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മരണത്തിന് കാരണം കത്തികൊണ്ടേറ്റ മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തല മുതൽ വയറുവരെ ഭാഗങ്ങളിൽ 20 മുറിവുകൾ ഉണ്ടെന്നാണ് വിവരം. എട്ടു മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമായിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചത്.
ചൊവാഴ്ച വൈകീട്ടോടെ ആരംഭിച്ച നടപടികൾ പുലർച്ചവരെ നീണ്ടു. ഇൻഫോപാർക്ക് സി.ഐ വിപിൻദാസിന്റെ നേതൃത്വത്തിൽ നടന്ന നടപടിക്രമങ്ങൾക്ക് ശേഷം രാവിലെ ആറോടെ ഫ്ലാറ്റ് പൂട്ടി സീൽ ചെയ്താണ് പൊലീസ് മടങ്ങിയത്. കൊച്ചി ഡി.സി.പി എസ്. ശശിധരൻ, തൃക്കാക്കര എ.സി.പി പി.വി ബേബി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കാക്കനാട് : ഇടച്ചിറ കൊലപാതക കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അർഷദ് ഓക്സോണിയ ഫ്ലാറ്റിലെത്തിയത് രണ്ടാഴ്ച മുമ്പെന്ന് സമീപത്തെ ഫ്ലാറ്റിലെ താമസക്കാർ. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ആദിഷ് എന്നയാളുടെ സുഹൃത്തായിരുന്നു അർഷദ്. കുടുംബമായി താമസിക്കുന്ന ആദിഷിന്റെ ഫ്ലാറ്റിലായിരുന്നു ഇയാൾ രണ്ടാഴ്ചയോളം കഴിഞ്ഞത്.
പിന്നീട് അസൗകര്യം മൂലം ഇവിടെനിന്ന് ഇറങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സജീവ് കൃഷ്ണയുടെ ഫ്ലാറ്റിലെത്തിയത്. ആദിഷിന്റെ സുഹൃത്തായ അർഷദ് നേരത്തേ മുതൽ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.