കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് പട്ടാപകൽ ഹോട്ടലിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്നത് ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പരാജയത്തിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ്. തിരുവനന്തപുരത്ത് സി.പി.എമ്മുമായി അടുപ്പമുള്ള ഗുണ്ടാസംഘമാണ് അഴിഞ്ഞാടുന്നത്. കണ്ണൂരിൽ പാർട്ടി ഗുണ്ടകൾ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല്ലുന്നു.
കേരളത്തിൽ വേലി തന്നെ വിളവ് തിന്നുകയാണ്. മലപ്പുറം അരീക്കോട് വീടിന്റെ വാതിൽ ചവിട്ടി തുറന്ന് തളർന്നു കിടക്കുന്ന അമ്മയുടെ മുമ്പിൽ വെച്ച് മാനസികവും ശാരീരകവുമായ പ്രശ്നമുള്ള പെൺകുട്ടിയെ ഒരു ക്രിമിനൽ ബലാത്സംഘം ചെയ്തിട്ടും സ്ത്രീപക്ഷക്കാരും സാംസ്ക്കാരിക നായകൻമാരും പ്രതികരിക്കുന്നില്ല. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ കുറ്റകൃത്യങ്ങളിൽ കേരളമാണ് ഏറ്റവും മുമ്പിൽ. പൊലീസിന്റെ പക്ഷപാതിത്വവും നിഷ്ക്രിയത്വവുമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം.
പൊലീസുകാരിൽ പോലും 1000 ക്രിമിനലുകളുണ്ടെന്നാണ് നിയമസഭയിൽ ആഭ്യന്തരമന്ത്രി പറഞ്ഞത്. ഗുണ്ടാസംഘങ്ങളുടെയും പാർട്ടി ക്വൊട്ടേഷൻ സംഘങ്ങളുടേയും അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.