പ്രതിസന്ധി: വൻ വിലയിൽ വൈദ്യുതി വാങ്ങും, ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: ആന്ധ്രയിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങി വൈദ്യുതി പ്രതിസന്ധി താൽക്കാലികമായി മറികടക്കാൻ കെ.എസ്.ഇ.ബി നീക്കം. ക്ഷാമം പരിഹരിക്കാൻ കോഴിക്കോട് ഡീസൽ നിലയത്തിൽ ഉൽപാദനവും തുടങ്ങി. യൂനിറ്റിന് 20 രൂപ നിരക്കിലാണ് ആന്ധ്രയിൽനിന്ന് വൈദ്യുതി വാങ്ങുന്നത്. 50 കോടി ഇതിന് അധിക ബാധ്യത വരുമെന്ന് ബോർഡ് ചെയർമാൻ ഡോ. ബി. അശോക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈദ്യുതി ഉപയോഗം കുറച്ച് പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഒക്ടോബർ വരെ പ്രതിസന്ധി നീണ്ടേക്കുമെന്നാണ് മുന്നറിയിപ്പ്. പീക്ക് സമയങ്ങളിലെ ഉപയോഗം കുറക്കാൻ വ്യവസായങ്ങൾക്ക് നിർദേശം നൽകി. നിലവിൽ ലോഡ്ഷെഡിങ് ഇല്ല. ഫീഡർ നിയന്ത്രണം മാത്രമാണുള്ളത്. കായംകുളം എൻ.ടി.പി.സിയുടെ പ്രവർത്തനം പുനരാരംഭിക്കാനും സാധ്യത തേടി. മധ്യപ്രദേശിൽനിന്ന് നാഫ്ത എത്താൻ വൈകുന്നതിനാലാണ് ഇവിടെ ഉൽപാദനം നടക്കാത്തത്.

പരിമിത വൈദ്യുതി നിയന്ത്രണം ശനിയാഴ്ച ഒഴിവാക്കാനാവുമെന്നാണ് വിലയിരുത്തൽ. ഉപഭോഗം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്ന മേയ് മൂന്നിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുവരുമെന്നും കരുതുന്നു. വ്യാഴാഴ്ച ചില ഫീഡറുകളിൽ 15 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അതിലും കുറച്ചേ വേണ്ടിവന്നുള്ളൂ. എൻ.ടി.പി.സി.എൽ, ഥാംബുവ പവർ ലിമിറ്റഡ്, മെജിയ എന്നിവിടങ്ങളിൽനിന്ന് ലഭിക്കേണ്ടതിൽ 78 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.

ഏറെ നാളായി ഉൽപാദനം നിർത്തിയ കോഴിക്കോട് നല്ലളത്ത് 90 മെഗാവാട്ട് ഉൽപാദനം ആരംഭിച്ചു. ഇവിടെ കൂടുതൽ ഡീസൽ വാങ്ങാൻ നാലു കോടി അനുവദിച്ചു. 11 രൂപ വരെയാണ് യൂനിറ്റിന് ഉൽപാദനച്ചെലവ്. ദേശീയതലത്തിൽ കൽക്കരിക്ഷാമമാണ് ഊർജപ്രതിസന്ധിക്ക് കാരണം. റഷ്യ-യുക്രെയ്ൻ യുദ്ധവും കൽക്കരി ലഭ്യതയെ ബാധിച്ചു. സംസ്ഥാനത്ത് എത്തുന്ന വൈദ്യുതിയിൽ 70 ശതമാനവും താപത്തിൽനിന്നാണ്. 24 നിലയങ്ങളിൽ 19നെയും കൽക്കരിക്ഷാമം ബാധിച്ചു.

സംസ്ഥാനത്തിന് വൈദ്യുതി തന്നിരുന്ന ബാൽക്കോയിൽനിന്ന് 100 മെഗാവാട്ടിന്‍റെ കുറവ് വന്നു. മൂഴിയാർ, ലോവർ പെരിയാർ നിലയങ്ങളിൽ രണ്ട് ജനറേറ്റർ അറ്റകുറ്റപ്പണിയായതിനാൽ 120 മെഗാവാട്ടും കുറഞ്ഞു.

Tags:    
News Summary - Crisis: Power will be bought at high prices and consumption should be reduced- K.S.E.B.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.