ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനമുയരുന്നു. അപേക്ഷകർ മലയാള ബ്രാഹ്മണരായിരിക്കണം എന്ന നിബന്ധനക്കെതിരെയാണ് സമൂഹമാധ്യമങ്ങൾ പ്രതിഷേധമുയർത്തുന്നത്.
"അപേക്ഷകൻ കേരളത്തിൽ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കർമ്മങ്ങൾ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം" എന്നാണ് ഒന്നാമത്തെ നിബന്ധനയായി വിജ്ഞാപനത്തിൽ പറയുന്നത്. തന്ത്രി - ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന ഉത്തരവ് നിലനിൽക്കേ, ശബരിമല മേൽശാന്തിയായി ബ്രാഹ്മണ സമുദായക്കാരെ മാത്രം നിയമിക്കാനുള്ള നീക്കമാണ് വിവാദമാകുന്നത്.
'ഈഴവരെയും ദലിതരെയും പുറത്തുനിർത്തി ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ടെന്ന്' ഇടതുസഹയാത്രികനും ഗവേഷകനുമായ അമൽ സി. രാജൻ തന്‍റെ ഫേസ്ബുക് പോസ്റ്റിൽ വിമർശിക്കുന്നു. 2021ലെ ശബരിമല മേൽശാന്തിയും പതിവുപോലെ മലയാള ബ്രാഹ്മണനായിരിക്കും. ആർത്തവ കലാപത്തിലും നാമജപ സമരത്തിലും പങ്കെടുത്തവരിൽപ്പെട്ട ഈഴവരും ദളിതരും ഭയപ്പെടേണ്ടതില്ല. നിങ്ങളെ പുറത്തുനിർത്തി ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്.
ഈഴവ സമുദാത്തിൽ ജനിച്ച പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ കെ.എസ്. രാകേഷിനെ പറവൂർ നീറിക്കോട് ക്ഷേത്രത്തിൽ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ നിയമനം ശരിവച്ചതായി 1996ൽ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002ൽ സുപ്രീം കോടതിയും ശരിവച്ചു.കോടതി വിധികളുടേയും 2007ലെ ജസ്റ്റിസ് പരിപൂർണൻ കമ്മിറ്റി റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ 2014ൽ തന്ത്രി - ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ല എന്ന് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിട്ടുമുണ്ടെന്ന് അമൽ സി. രാജൻ ചൂണ്ടിക്കാട്ടുന്നു.
അമൽ സി. രാജന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.