പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് അന്തരിച്ചു

കോട്ടയം: പാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷാദ് അന്തരിച്ചു. 55 വയസ്സായിരുന്നു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ ദിവസങ്ങളായി വെൻറിലേറ്ററിലായിരുന്നു. ആഗസ്റ്റ് 12ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നൗഷാദിൻെറയും വിയോഗം. ഒരു മകളുണ്ട്.

നൗഷാദ് കാറ്ററിങ് ഗ്രൂപ്പ് ചെയർമാനായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് പിതാവിൻെറ പാത പിന്തുടർന്നാണ് ഈ രംഗത്ത് എത്തിയത്. ടെലിവിഷൻ ചാനലുകളിൽ പാചക പരിപാടികളിൽ അവതാരകനായി ഏറെ സുപരിചിതനായിരുന്നു.

2005ൽ ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ നിർമാതാവായി. തുടർന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, തകരച്ചെണ്ട, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.

മൃതദേഹം ഉച്ചക്ക് ഒന്നരയോടെ നൗഷാദ് പഠിച്ച തിരുവല്ല എസ്.സി.എസ് ഹൈസ്കൂളിലെ ട്രാഫിക് സിഗ്നലിന് സമീപമുള്ള അലക്സാണ്ടർ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. മൂന്നര വരെ ഇവിടെ അന്തിമോപചാരം അർപ്പിക്കാം. ശേഷം തിരുവല്ല സിലിക്കോൺ പിറകുവശം മുത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

അനുശോചിച്ചു

രാഷ്ട്രീയ, സാംസ്കാരിക, സിനിമാ രംഗത്തെ പ്രമുഖർ നൗഷാദിൻെറ നിര്യാണത്തിൽ അനുശോചിച്ചു. നൗഷാദിൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.

ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Full View


Full View


Tags:    
News Summary - culinary expert and filmmaker Noushad passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.