തുറവൂർ: പൊക്കാളി കൃഷിയെ സ്നേഹിക്കുന്നവരും ഭൂമിയും വെള്ളവും ഇവിടെ വേണമെന്നുള്ളവരും സാധാരണ മനുഷ്യരും കർഷക തൊഴിലാളികളും അരൂർ മേഖലയിൽ കടുത്ത ആശങ്കയിലാണ്. കാരണം ഒരു പുത്തൻ സംസ്കാരത്തിലേക്ക് ഇവിടെയുള്ള മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ മാറിയിരിക്കുന്നു. നെൽകൃഷി നിലനിർത്താൻ ആരും ആത്മാർഥമായി ആഗ്രഹിക്കുന്നില്ല. നെൽകൃഷി നടത്താൻ നിരവധി തടസ്സമുണ്ട്. ലാഭമില്ലാത്ത നെൽകൃഷിക്ക് പകരം മത്സ്യകൃഷി നടത്തുന്നതല്ലേ നല്ലത്. ഇങ്ങനെ പറയാൻ ആർക്കും മടിയില്ലാതായിരിക്കുന്നു. ഇങ്ങനെയൊക്കെ പറയാനുള്ള സാമൂഹിക-വ്യവസായിക അന്തരീക്ഷമാണുള്ളത്.
നെല്ലും കയറും അരൂർ മേഖലയെ തുണക്കാതായപ്പോൾ ജനജീവിതത്തിന് താങ്ങായെത്തിയത് ചെമ്മീൻ വ്യവസായമായിരുന്നു. ’70കളിൽ തുടങ്ങി ’80കളിൽ സജീവമായി ’90കളിൽ വ്യാപകമായി തീർന്ന മത്സ്യസംസ്കരണ കയറ്റുമതി വ്യവസായം അരൂരിന് പുതിയ ഉണർവേകി. ജീവിതാന്തരീക്ഷം മെച്ചപ്പെട്ടു. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങളുടെ ജീവനോപാധിയായി. കേന്ദ്രസർക്കാർ മത്സ്യക്കയറ്റുമതിയുടെ മികവിൽ അരൂരിനെ മികവിന്റെ പട്ടണമായിപ്പോലും അംഗീകരിച്ചു.
എന്നാൽ, ഇപ്പോൾ ചെമ്മീൻ വ്യവസായവും പ്രതിസന്ധിയിലാണ്. കേരളത്തിന്റെ തീരങ്ങളിൽ ചെമ്മീൻ സുലഭമായി ലഭിക്കുന്നില്ല. കയറ്റുമതി വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മത്സ്യവിഭവങ്ങൾ കേരളത്തിൽ കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താണ് പ്രവർത്തിക്കുന്നത്. വെനാമി ചെമ്മീനാണ് സ്ഥാപനങ്ങളുടെ ആശ്രയം. ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യപ്പാടങ്ങളിൽ വിളയുന്ന വെനാമി ചെമ്മീനുകൾ ഇവിടെയുള്ള ഫാക്ടറികളിൽ കൊണ്ടുവന്ന് സംസ്കരിച്ച് കയറ്റുമതി ചെയ്യുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിന് പകരം വെനാമി ചെമ്മീൻ സുലഭമായ സംസ്ഥാനങ്ങളിലേക്ക് വ്യവസായം മാറ്റുന്ന തിരക്കിലാണ് വ്യവസായികൾ. ഇതിനകം നിരവധി സ്ഥാപനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറി.
ചെമ്മീൻ വ്യവസായത്തെ ഇവിടെ പിടിച്ചുനിർത്താൻ വെനാമി ചെമ്മീൻ ഇവിടെ വളർത്താൻ വഴി നോക്കുകയാണ് ബന്ധപ്പെട്ടവർ. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ച് ഭരണകക്ഷി നിലവിൽ നെൽകൃഷിക്കുള്ള മുറവിളികൾ അവസാനിപ്പിച്ചത് സംശയമുണർന്നുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കാതിരിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത് മത്സ്യകൃഷിക്കുള്ള പച്ചക്കൊടി കാട്ടലാണെന്ന് ചില പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നെല്ല് എടുക്കാതിരിക്കുന്നതും എടുത്ത നെല്ലിന് കാശ് കൊടുക്കാതിരിക്കുന്നതും നെൽകൃഷിയിൽനിന്ന് കർഷകരെ അകറ്റാനാണെന്നും കർഷക തൊഴിലാളികളും നെൽകൃഷിയെ സ്നേഹിക്കുന്നവരും ഭയപ്പെടുന്നു.
ആഗോളതലത്തിൽ കീർത്തികേട്ട പൊക്കാളി കൃഷി വ്യാപിപ്പിക്കണമെന്നും ഇതിനെ ആശ്രയിക്കുന്ന കർഷകരെ നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാവരും ആണയിട്ട് പറയാറുണ്ട്. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്ത് ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടന്ന 16ാമത് കാർഷിക ശാസ്ത്ര കോൺഗ്രസിലും പൊക്കാളി അരിയുടെ മികവിനെക്കുറിച്ച് ഏറെ കേട്ടിരുന്നു. എന്നാൽ, ഈ കൃഷി സംരക്ഷിക്കാനുള്ള നടപടികളൊന്നുമില്ല.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.