പ്രതി ഹരീഷ്

പൊലീസ് എത്തിയാൽ കഥ കഴിക്കുമെന്ന് വീരവാദം; 35 ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

കാട്ടൂർ (തൃശൂർ): 35 ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിലായി. കാട്ടൂർ നന്ദനത്ത് വീട്ടിൽ ഹരീഷി(45)നെയാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്.

കാട്ടൂർ സ്റ്റേഷനിൽ 21 കേസും വലപ്പാട് സ്റ്റേഷനിൽ ഏഴ് കേസും, ചേർപ്പ് സ്റ്റേഷനിൽ മൂന്ന് കേസ്സും ഒല്ലൂർ, മതിലകം സ്റ്റേഷനുകളിൽ ഓരോ കേസും ഹരീഷിന്‍റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുള്ളതാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് തുടരെ രണ്ട് അടിപിടി കേസ്സുകളുണ്ടാക്കി ഒളിവിൽ പോയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകയിലെ പല സ്ഥലങ്ങളിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ചെറുപ്രായത്തിലുള്ള ആൺകുട്ടികളെ ഇയാൾ കഞ്ചാവും മയക്കുമരുന്നും നൽകി വഴിതെറ്റിക്കുന്ന പ്രകൃതക്കാരനാണ്. ലഹരിക്കടിമപ്പെട്ട് കൂട്ടത്തിലുള്ള വരെ തന്നെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്. ഹരീഷിനോടുള്ള വൈരാഗ്യത്തിന് എതിർ ഗുണ്ടാ സംഘം ഇയാളുടെ ഭാര്യയെ ബോംബ് എറിഞ്ഞു വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആ കേസിലെ എല്ലാ പ്രതികളും ഇപ്പോൾ ജയിലിലാണ്.

പത്തു വർഷം മുൻപ് കർണ്ണാടകയിലെ കോളാർ സ്വർണ്ണഖനി മേഖലയിൽ ജോലി ചെയ്തിരുന്ന ഹരീഷിന് ഇവിടെ നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ഓരോ നീക്കവും.

റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന്‍റെ നേതൃത്വത്തിൽ കൊരട്ടി ഇൻസ്പെക്ടർ ബി.കെ. അരുൺ, ആളൂർ എസ്.ഐ ആർ. രഞ്ജിത്ത്, എസ്.ഐ കെ. സുഹൈൽ, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളായിരുന്നിട്ടും താവളമായ ബാംഗ്ലൂരിലെ അപകടകരമായ ഗല്ലി കണ്ടെത്തി അവിടെ പോയി ഇയാളെ പൊക്കുകയായിരുന്നു പൊലീസ് സംഘം. കോവിഡ് കാലഘട്ടത്തിൽ സ്വന്തം സുരക്ഷ പോലും അവഗണിച്ചാണ് കർണ്ണാടകയിൽ അന്വേഷണ സംഘം എത്തിയത്.

പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം ഇയാൾ സുഹൃത്തുക്കൾക്ക് പോസ്റ്റ് ചെയ്തുവത്രേ. എന്നാൽ അപ്രതീക്ഷിതമായി ഇയാൾ ഒളിച്ചു കഴിഞ്ഞിരുന്ന ഗല്ലിയിലെ വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചുകയറുന്നതു കണ്ട് ഇരുട്ടു റൂമിലേക്ക് ഓടിയൊളിക്കാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു. അതിനാൽ ആയുധമെടുത്ത് പ്രതിരോധിക്കാനുള്ള അവസരം പ്രതിക്ക് ലഭിച്ചില്ല.

നാലു ദിവസം മുൻപാണ് ഹരീഷിനെ പിടിക്കാൻ പ്രത്യേക ടീമിനെ രൂപീകരിച്ച് റൂറൽ എസ്.പി ജി. പൂങ്കുഴലി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കർണാടകയിലേക്ക് അയച്ചത്. നാട്ടിൽ നിന്നു പുറപ്പെട്ട സംഘം നാലു ദിവസത്തിനുള്ളിൽ ഹരീഷിനെ പൊക്കിയെടുത്തു. തലമുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തിയാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.

മഫ്തിയിൽ എത്തിയ പൊലീസ് സംഘം പല ഗല്ലികളിലും ബംഗളൂരു പൊലീസുമൊത്ത് രാത്രിയും പകലും അന്വേഷിച്ചു നടന്നു. കെ.ജി ഹള്ളി, ബംഗാരപേട്ട്, തമ്മനഹള്ളി, ഗംഗാംപാളയം ഇവിടങ്ങളിൽ അരിച്ചു പറുക്കി. ഒടുവിൽ ഗംഗാപാളയത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയായിരുന്നു. കാട്ടൂർ ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐ. ആർ രാജേഷ് സൈബർ വിദഗ്ദരായ പ്രജിത്ത്, മനു, രജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - cuprit in 35 criminal case goonda arrested in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.