നോട്ട് പ്രതിസന്ധി: മിണ്ടാന്‍ ഭയന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

തൃശൂര്‍: രാജ്യത്ത് കറന്‍സി പ്രതിസന്ധി രൂപപ്പെട്ടിട്ട് ഇന്ന് 37 ദിവസം തികയുമ്പോള്‍, ജനജീവിതത്തെ സാരമായി ബാധിച്ച ഈ പ്രശ്നത്തില്‍ പ്രതികരിക്കാന്‍ ബാങ്കിങ് രംഗത്തെ സംഘടനകള്‍ക്ക് മടി.  നിക്ഷേപിച്ച പണം കിട്ടാന്‍ ജനം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ രാപകല്‍ കാത്തുകെട്ടി നില്‍ക്കുമ്പോള്‍ നോട്ട് ക്ഷാമമാണെന്ന കാതലായ വിഷയം സ്പര്‍ശിക്കാതെ തലോടല്‍ പ്രസ്താവനകളും കണ്‍കെട്ട് പരിപാടികളുമായി ഒതുങ്ങുകയാണ് സംഘടനകള്‍. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) ഇതേവരെ യോഗം ചേര്‍ന്നിട്ടില്ല. സംഘടനാ നേതാക്കള്‍  പ്രതികരിക്കാന്‍ ഭയക്കുന്നതായാണ് അവരില്‍ പലരോടും സംസാരിച്ചപ്പോഴുണ്ടായ അനുഭവം.

ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷനും ഇക്കാര്യത്തില്‍ വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്ന് രണ്ട് സംഘടനകളിലെയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭാരവാഹികള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്‍റ് തമിഴ്നാട്ടില്‍നിന്നുള്ള ഡി. തോമസ് ഫ്രാങ്കോ ആര്‍.ബി.ഐ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയതാണ് ഏക നീക്കം. പിന്നാലെ  അദ്ദേഹം നിശ്ശബ്ദനായി. 

കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും മിണ്ടിയില്ളെന്നു മാത്രമല്ല സംഘടനയുടേതായി പ്രസ്താവന പോലും വരാതിരിക്കാന്‍ ശ്രദ്ധിച്ചു. എംപ്ളോയീസ് അസോസിയേഷന്‍െറ പഞ്ചാബില്‍നിന്നുള്ള അഖിലേന്ത്യാ വൈസ് പ്രസിഡന്‍റാകട്ടെ, നോട്ട് അസാധുവാക്കല്‍ കള്ളപ്പണം തടയാനുള്ള ധീരമായ നടപടിയാണെന്ന്് പ്രസ്താവിച്ചു. എ.ഐ.ബി.ഇ.എ സഹകരണ ബാങ്കുകള്‍ക്കു മുന്നില്‍ സംഘടിപ്പിച്ച പൊതുയോഗം മാത്രമാണ് എന്തിനും മുന്നിട്ടിറങ്ങുന്ന കേരളത്തില്‍ നടന്ന ഏക പരിപാടി. ഇന്നത്തെ സാഹചര്യത്തില്‍ ജീവനക്കാര്‍ സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പ്രസ്താവിച്ച് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പിന്‍വലിയുകയും ചെയ്തു.

യു.എഫ്.ബി.യു കഴിഞ്ഞ മേയ് മാസത്തിനുശേഷം യോഗം ചേര്‍ന്നിട്ടില്ല. അതിന്‍െറ കണ്‍വീനര്‍ ജോലിയില്‍നിന്ന് വിരമിച്ചതിനു ശേഷം ആ സ്ഥാനത്തത്തൊന്‍ ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍െറയും എംപ്ളോയീസ് അസോസിയേഷന്‍െറയും രണ്ട് ദേശീയ നേതാക്കള്‍ നടത്തുന്ന വടംവലിയാണ് സംഘടനയുടെ പ്രവര്‍ത്തനം മരവിപ്പില്‍ എത്തിച്ചത്. നോട്ട് അസാധുവാക്കല്‍ ബാങ്കിങ് രംഗത്ത്, പ്രത്യേകിച്ച് ജീവനക്കാര്‍ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ യു.എഫ്.ബി.യു യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ കത്ത് പരിഗണിച്ചുമില്ല.
 
Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.