ആഭ്യന്തര ടൂറിസത്തിന് തിരിച്ചടി

ആഭ്യന്തര സഞ്ചാരികളില്‍ ഭൂരിഭാഗവും മലയോരപ്രദേശങ്ങളോ ഒറ്റപ്പെട്ട സഞ്ചാരകേന്ദ്രങ്ങളോ ആണ് യാത്രക്കായി തെരഞ്ഞെടുക്കുന്നത്. ഇവിടങ്ങളില്‍ കറന്‍സിരഹിത വിനിമയം ലഭ്യമല്ലാത്തതും പ്രതിസന്ധി കനപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കഴിഞ്ഞാല്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മേഖലകളിലൊന്നാണ് വിനോദസഞ്ചാരം. നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുപിന്‍വലിക്കല്‍ തീരുമാനം വിനോദസഞ്ചാരമേഖലയെ കീഴ്മേല്‍ മറിച്ചു. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കോട്ടം സംഭവിച്ചിട്ടില്ളെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ആഭ്യന്തര ടൂറിസം രംഗത്ത് 20 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായാണ് കണക്ക്.

പ്രാദേശിക തലത്തില്‍ രൂപയുടെ വിനിമയം കാര്യമായി നടക്കുന്ന മേഖലയാണ് ആഭ്യന്തര ടൂറിസം. ജനങ്ങളിലേക്ക് സഞ്ചാരികളുടെ പണം നേരിട്ടത്തെുന്ന മേഖല. ഇതിനേറ്റ കോട്ടം സമൂഹത്തിന്‍െറ താഴത്തേട്ടിലുള്ള പണത്തിന്‍െറ ഒഴുക്കിനെയാണ് ബാധിച്ചത്. പരമ്പരാഗത സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടാതെ അഡ്വഞ്ചര്‍ ടൂറിസം, ട്രക്കിങ് ക്യാമ്പുകള്‍ എന്നിവയാണ് ആഭ്യന്തര ടൂറിസം രംഗത്തിന്‍െറ കരുത്ത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍നിന്നുള്ള ഐ.ടി പ്രഫഷനലുകളും വിവിധ ജില്ലകളില്‍നിന്നുള്ള ഇതര മേഖല പ്രഫഷനലുകളുമാണ് രണ്ടും മൂന്നും വിഭാഗത്തിലെ യാത്രകള്‍ തെരഞ്ഞെടുക്കുന്നത്. നോട്ടുപ്രതിസന്ധി രൂക്ഷമായതോടെ തങ്ങള്‍ക്കുണ്ടായിരുന്ന അഡ്വഞ്ചര്‍ ടൂറിസം, ട്രക്കിങ് ക്യാമ്പ് ബുക്കിങ്ങുകള്‍ എന്നിവയില്‍ 40 ശതമാനവും റദ്ദാക്കപ്പെട്ടെന്ന് കൊച്ചിയിലെ ‘വൈ ഹോളിഡേയ്സ്’ മാനേജിങ് ഡയറക്ടര്‍ വാജിദ് സേട്ട് പറയുന്നു. കോര്‍പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പാക്കേജുകളും റദ്ദാക്കപ്പെടുകയാണത്രെ.

പണം ചെലവിടാന്‍ സ്ഥാപനങ്ങള്‍ തയാറാണെങ്കിലും പ്രാദേശിക വിനിമയത്തിന് കറന്‍സിക്ഷാമം തിരിച്ചടിയായതായാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ആഭ്യന്തര സഞ്ചാരികളില്‍ ഭൂരിഭാഗവും മലയോരപ്രദേശങ്ങളോ ഒറ്റപ്പെട്ട സഞ്ചാരകേന്ദ്രങ്ങളോ ആണ് യാത്രക്കായി തെരഞ്ഞെടുക്കുന്നത്. ഇവിടങ്ങളില്‍ കറന്‍സിരഹിത വിനിമയം ലഭ്യമല്ലാത്തതും പ്രതിസന്ധി കനപ്പിച്ചു. ആഭ്യന്തര ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്ന 2,000ത്തോളം ചെറുകിട ഓപറേറ്റര്‍മാര്‍ സംസ്ഥാനത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിലൂടെയുള്ള വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെറുകിട ഓപറേറ്റര്‍മാരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, ചെറുകിട ഹോംസ്റ്റേ നടത്തിപ്പുകാര്‍ എന്നിവരും പ്രതിസന്ധിയിലാണ്.           

ബേക്കല്‍ കോട്ടക്ക് മുന്നിലെ കച്ചവടക്കാരി നാരായണിയമ്മ
 

കച്ചോടം  തീരേ...യില്ല...
കാസര്‍കോട്: ‘ഒരു മാസത്തോളായി കച്ചോടത്തിന്  നല്ളോണം കൊറവ് വന്നൂന്ന് പറഞ്ഞാപ്പോര, തീരേ...യില്ല... ’ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടക്ക് മുന്നില്‍ 12 വര്‍ഷത്തോളമായി ശീതളപാനീയങ്ങളും തൊപ്പികളും മറ്റും വില്‍പന നടത്തുന്ന പൂച്ചക്കാട്ടെ നാരായണിയമ്മയുടെ വാക്കുകള്‍ കറന്‍സി പ്രതിസന്ധി ടൂറിസം മേഖലയെ എത്രത്തോളം ബാധിച്ചു എന്ന് വെളിവാക്കുന്നതാണ്.

‘ആള്‍ക്കാര് കൊറേശ്ശെ വെര്ന്ന്ണ്ട്,  വെര്ന്നവരെല്ലം രണ്ടായിരത്തിന്‍െറ നോട്ട് കൊണ്ട്വര്ന്ന്. നമ്മക്ക് രണ്ടായിരത്തിന്‍െറ  ചില്ലറയാവണോങ്കില് വൈന്നേരം വരെ കുത്തിരിക്കണം. അതുകൊണ്ട് ബാക്കി കൊട്ക്കാനും കയ്യ്ന്നില്ല . നോട്ടിന്‍െറ പ്രശ്നം തീര്‍ന്നിനെങ്കില് നമ്മക്ക് എന്തെങ്കിലും കിട്ടട്ടീ...’  - ഇവിടെ കച്ചവടം തുടങ്ങിയ ശേഷം ഇതേവരെ ഇത്ര രൂക്ഷമായ പ്രതിസന്ധി അനുഭവിച്ചിട്ടില്ളെന്ന് നാരായണിയമ്മ പറഞ്ഞു. ടൂറിസം സീസണ്‍ എത്തിയിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം 10 ശതമാനമായി കുറഞ്ഞുവെന്നാണ് ബേക്കല്‍ കോട്ടയില്‍ പ്രവേശനം നിയന്ത്രിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ആളുകള്‍ കൂടുതലായി എത്താറുള്ളത്.

കഴിഞ്ഞ നാലഞ്ച് ആഴ്ചകളായി ഇതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ആളുകളുടെ വരവ് കുറഞ്ഞതു കാരണം താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക് മാനേജര്‍ പി.കെ. അബ്ദുല്ല വെളിപ്പെടുത്തുന്നു. നോട്ടുകള്‍ പിന്‍വലിച്ചശേഷം പാര്‍ക്കിലേക്ക് എത്തുന്നവരുടെ എണ്ണവും വരുമാനവും 40 ശതമാനത്തോളം കുറഞ്ഞു. വരുന്നവര്‍ ഫീസ് നല്‍കേണ്ട വിനോദോപാധികളുടെയും മറ്റും ഉപയോഗം കുറച്ചു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ്  ബേക്കല്‍ കോട്ടയും സമീപത്തെ ബീച്ചും സന്ദര്‍ശിക്കാനത്തെുന്നവരില്‍ ഏറെയും.

മൂന്നാര്‍ ടൗണ്‍ (ഫയല്‍)
 

നോട്ടുക്ഷാമത്തിന്‍െറ ഓര്‍മച്ചിത്രമായി അമേരിക്കക്കാരന്‍
തൊടുപുഴ: നോട്ട് പ്രതിസന്ധി കേരളത്തിന്‍െറ വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ പ്രത്യാഘാതത്തിന്‍െറ ഏറ്റവും വലിയ ദുരന്ത ചിത്രം കാണാനായത് തെക്കിന്‍െറ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലാണ്. അമേരിക്കയില്‍നിന്നത്തെിയ ആ 38കാരന്‍െറ അനുഭവം മാത്രം മതി നോട്ട് അസാധുവാക്കലിന്‍െറ മുറിവുകള്‍ എത്രമാത്രമെന്നറിയാന്‍. കൈയിലുള്ള രാജ്യാന്തര എ.ടി.എം കാര്‍ഡുമായി എ.ടി.എം കൗണ്ടറുകള്‍ കയറിയിറങ്ങിയിട്ടും യു.എസ് പൗരന് പണം കിട്ടിയില്ല. ശേഷിക്കുന്ന തുച്ഛമായ പണംകൊണ്ട് വിശക്കുന്ന വയറുമായാണ് അയാള്‍ കൊച്ചിയില്‍നിന്ന് മൂന്നാറിലത്തെിയത്. അവിടെയും എ.ടി.എമ്മുകളെല്ലാം കാലി. വിശപ്പ് സഹിക്കാനാവാതെ ടൗണിലെ റസ്റ്റാറന്‍റില്‍ കയറി ഭക്ഷണം കഴിച്ചു. ബില്‍ നല്‍കാന്‍ കൈയില്‍ നോട്ടുകളില്ലാത്തതിനാല്‍ പ്രാണരക്ഷാര്‍ഥം റസ്റ്റാറന്‍റില്‍നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്ന് പിടികൂടിയ ഹോട്ടലുടമകള്‍ നിസ്സഹായത മനസ്സിലാക്കി അയാളെ വിട്ടയച്ചു. ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ ഈ ദുരനുഭവം എക്കാലവും ആ വിദേശ സഞ്ചാരിയുടെ മനസ്സിനെ നീറ്റുമെന്നുറപ്പ്.

മഞ്ഞില്‍ മുങ്ങിയ കാഴ്ചകളും തണുക്കുന്ന പ്രഭാതങ്ങളും തേടി വാഗമണ്ണിലേക്കും തേക്കടിയിലേക്കും മൂന്നാറിലേക്കും സഞ്ചാരികളത്തെുന്ന സമയമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍. പക്ഷേ, മുന്‍കാലങ്ങളിലെ തിരക്ക് ഇപ്പോള്‍ ഇവിടങ്ങളിലൊന്നുമില്ല. ചറുകിട ഹോട്ടലുകളിലും കോട്ടേജുകളിലും 70 ശതമാനത്തോളം ബുക്കിങ്ങുകള്‍  കുറഞ്ഞു. വന്‍കിട ഹോട്ടലുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലും 20-30 ശതമാനം കുറവുണ്ടായതായി മൂന്നാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി അനീഷ് പറയുന്നു. എ.ടി.എം കൗണ്ടറുകളിലൊന്നും പണമില്ലാത്തതാണ് സഞ്ചാരികളെ ഏറെ വലക്കുന്നത്. സഞ്ചാരികളുടെ കുറവ് തേക്കടിയിലെ ബോട്ട് - ആനസവാരി കേന്ദ്രങ്ങളെയുമെല്ലാം ബാധിച്ചിട്ടുണ്ട്.

തയാറാക്കിയത്: എം.എസ്. അനീഷ്, വേണു കള്ളാര്‍, പി.പി. കബീര്‍
(തുടരും)

Tags:    
News Summary - currency demonetization affected tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.