നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ ഇക്കൊല്ലവും അടുത്ത  വര്‍ഷവും സംസ്ഥാന സമ്പദ്ഘടനയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന വരുമാനത്തെ ഗണ്യമായി ഇത് ബാധിച്ചു. പകരം സംവിധാനം ഏര്‍പ്പെടുത്താത്ത നടപടി വിവേകരഹിതവും തിടുക്കത്തിലെടുത്തതുമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. 
 
ദരിദ്ര, താഴ്ന്ന, മധ്യവര്‍ഗ, വേതനം പറ്റുന്ന വിഭാഗങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചില്ല. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മറ്റുള്ളവര്‍ ജീവിക്കാന്‍ പണത്തിന് അലയുകയായിരുന്നു. കര്‍ഷകര്‍ക്ക് വിളകള്‍ കൂട്ടിയിടേണ്ടി വന്നു. ചെറുകിട-ഗാര്‍ഹിക വ്യാപാരങ്ങള്‍ക്ക് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ തുച്ഛവിലയ്ക്ക് വില്‍ക്കേണ്ടി വന്നു. ആത്മഹത്യ ഉള്‍പ്പെടെ ഇരുന്നൂറോളം മരണം റിപ്പോര്‍ട്ട് ചെയ്തു.

സഹകരണമേഖലയെ ഒറ്റ ദിവസംകൊണ്ട് നിശ്ചലമാക്കി. നൂറ്റാണ്ടായി സംസ്ഥാനത്തെ പ്രധാന സാമ്പത്തിക സംവിധാനമായി പ്രവര്‍ത്തിച്ച സഹകരണമേഖലക്ക്  നേരേ മുമ്പൊരിക്കലും ഇത്ര അക്രമം ഉണ്ടായിട്ടില്ല. ഇത് പഴയ സ്ഥിതിലാകാന്‍ എത്രകാലം വേണ്ടിവരുമെന്നതാണ് കേരളം നേരിടുന്ന വലിയ പ്രശ്നം. സഹകരണപ്രസ്ഥാനത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും അതിന് എല്ലാ സഹായവും നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

അസാധുവാക്കിയ നോട്ടുകളെല്ലാം ഖജനാവില്‍ മടങ്ങിയത്തെിയതോടെ കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന ഭീതിയുണര്‍ത്താന്‍ കഴിയാതെയായി. കാഷ്ലെസോ ഡിജിറ്റലോ ആയ സമ്പദ്വ്യവസ്ഥ എന്ന് മാറ്റിപ്പറഞ്ഞു. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശങ്ങള്‍ ഒരു ഉത്തരവുപ്രകാരം പിന്‍വലിക്കുകയായിരുന്നു. ഈ പരിഹാസ്യതക്ക് മൗനാനുവാദം നല്‍കി നിശ്ശബ്ദ പങ്കാളിയാകാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായി.

115 വര്‍ഷത്തിനിടെ ഉണ്ടാകുന്ന രൂക്ഷ വരള്‍ച്ച നേരിടാന്‍ ആവശ്യമായ നടപടി കൈക്കൊണ്ടിട്ടുണ്ട്. അണക്കെട്ടുകളിലെ വെള്ളം 41 ശതമാനം മാത്രമാണ്. ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നു. 30,116 ഹെക്ടറില്‍ ഇതിനകം കൃഷിനാശമുണ്ടായി. ഒക്ടോബര്‍ മുതല്‍ വരള്‍ച്ച നേരിടാന്‍ കരുതല്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം നേരിടാന്‍ കലക്ടര്‍മാര്‍ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൃഷിവകുപ്പിനും ജലഅതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ് എന്നിവക്കും പണം നല്‍കി. നാണ്യവിളകള്‍ കടുത്ത പ്രതിസന്ധിയിലാണ്.

കേന്ദ്രത്തിന്‍െറ സജീവ ഇടപെടല്‍ ഇല്ലാതെ ആശ്വാസം നല്‍കാനാകില്ല. പ്രവാസികളുടെ മടങ്ങി വരവ് പ്രധാന പ്രശ്നമാണ്. രൂപയുടെ വിനിമയനിരക്കുമൂലം പ്രവാസി പണത്തില്‍ കുറവ് വന്നിട്ടില്ളെങ്കിലും മടങ്ങിവരുന്നവരുടെ എണ്ണം കൂടി. ഈ പ്രവണത തുടര്‍ന്നാല്‍ ആഭ്യന്തര ഉല്‍പാദനത്തെ ബാധിക്കും. തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കും. കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയത് പൊതുവിതരണത്തെ ഗുരുതരമായി ബാധിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇത് കാരണമായെന്നും നയപ്രഖ്യാപനം പറയുന്നു.

വൈദ്യുതിയുള്ള എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍ 
തിരുവനന്തപുരം: സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് നയപ്രഖ്യാപനം. വൈദ്യുതിയുള്ള എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍കൂടി ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

മറ്റ് പ്രഖ്യാപനങ്ങള്‍

•സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുമായി ബന്ധിപ്പിക്കും
•കോഴിക്കോട്ടെ സൈബര്‍പാര്‍ക്കിന്‍െറ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും 
•മൂന്ന് മൊബൈല്‍ ഫോണ്‍ നിര്‍മാണപാര്‍ക്ക് ആരംഭിക്കും
•കെല്‍ട്രോണിന്‍െറ പുനരുദ്ധാരണത്തിന് പ്രഫഷനല്‍ ടാലന്‍റ് സര്‍ച് നടത്തും
•മാര്‍ച്ച് 31ഓടെ സംസ്ഥാനത്തെ വെളിയിട വിസര്‍ജനമുക്തമാക്കും
•വസ്തുനികുതി അടയ്ക്കാന്‍ എല്ലാ പഞ്ചായത്തിലും ഇ-പേമെന്‍റ് സംവിധാനം
•എല്ലാ വില്ളേജുകളിലും ആധുനിക പൊതുശ്മശാനം നിര്‍മിക്കും
•ജൈവപച്ചക്കറികൃഷിയും മാലിന്യനിര്‍മാര്‍ജനവും സംയോജിപ്പിക്കും
•ഇന്‍റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കും
•കോര്‍ ബാങ്കിങ് സംവിധാനത്തോടെ ട്രഷറി ഇടപാടുകളില്‍ യൂട്ടിലിറ്റി പേമെന്‍റ് സൗകര്യം
•ട്രഷറി ഇടപാടുകാര്‍ക്ക് നെറ്റ്ബാങ്കിങ് സൗകര്യം ഉടന്‍
•പെന്‍ഷന്‍കാര്‍ക്ക് പബ്ളിക് പോര്‍ട്ടല്‍
•സര്‍വകലാശാലകളില്‍ ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം കൊണ്ടുവരും
•സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനകത്തെ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമാറ്റ് ചെയ്യും
•ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ 1000 സൂക്ഷ്മവ്യവസായ സംരംഭങ്ങള്‍ വര്‍ഷംതോറും സ്ഥാപിക്കും
•വ്യവസായനിക്ഷേപകരെ സംരക്ഷിക്കാനും പരാതികള്‍ പരിഹരിക്കാനും ചീഫ് സെക്രട്ടറിയുടെ കീഴില്‍ കമ്മിറ്റി
•ശക്തികുളങ്ങര, പുതിയാപ്പ, മുനമ്പം ഫിഷിങ് ഹാര്‍ബറുകളില്‍ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രീപ്രോസസിങ് സെന്‍ററുകള്‍ 
•മലപ്പുറം കിന്‍ഫ്ര പര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി
•സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമിനായി രണ്ട് സെറ്റ് കൈത്തറി തുണി
•എറണാകുളത്ത് നൂതന അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ ഹബ്
•ടോപ് മാനേജ്മെന്‍റ് കാഡറിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥിരം പബ്ളിക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ്
•മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പരിശീലനം
•ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ തേയില ബ്രാന്‍ഡ്
•കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേറ്റ് ലെവല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കമ്മിറ്റി
•കശുമാവ് കൃഷിക്ക് ഭൂമി കണ്ടത്തൊന്‍ ആന്ധ്രപ്രദേശുമായി പങ്കാളിത്തം
•യന്ത്രവത്കരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കും
•എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും ‘മേഡ് ഇന്‍ കേരള‘ ബ്രാന്‍ഡ്
•അമുല്‍ മാതൃകയില്‍ റബര്‍ മേഖലക്ക് സഹകരണ സംവിധാനം
•കാര്‍ഷികവിഭവങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിന് അഗ്രിബിസിനസ് കമ്പനി
•കാലാവസ്ഥവ്യതിയാന ആഘാതം പഠിക്കാന്‍ പ്രത്യേക ഗവേഷണ പദ്ധതി
•രാത്രികാല അടിയന്തര വെറ്ററിനറി കെയര്‍ സര്‍വിസുകള്‍ കൂടുതല്‍ ബ്ളോക്കുകളിലേക്ക്
•3250 കറവമാടുകളെയും 2000 പശുക്കിടാവുകളെയും ഉള്‍ക്കൊള്ളിക്കാന്‍ രണ്ട് ക്ഷീരമേഖലകള്‍
•കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
•മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മത്സരപരീക്ഷകള്‍ക്കായി പ്രത്യേകപരിശീലനം
•ഡിജിറ്റല്‍ സംരംഭങ്ങള്‍ സഹകരണമേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക്
•നീതിസ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും
•1969ലെ സഹകരണ ആക്ടില്‍ സമഗ്രഭേദഗതി
•2030ഓടെ സംസ്ഥാനം ക്ഷയരോഗമുക്തമാക്കും
•ഗ്രാമങ്ങളില്‍ സ്ഥിരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
•സ്കൂളുകളില്‍ പ്രമേഹ-ദന്ത-നേത്ര പരിശോധന ഉള്‍പ്പെടെ വാര്‍ഷികപരിശോധന
•ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഡയറ്റീഷ്യന്‍ സേവനങ്ങള്‍
•എല്ലാ ജില്ലആശുപത്രികളിലും സ്ട്രോക്ക് മാനേജ്മെന്‍റ് കേന്ദ്രങ്ങള്‍
•കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കുകള്‍
•മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ പേഴ്സനലൈസ്ഡ് മെഡിസിന്‍ റിസര്‍ച് ലബോറട്ടറി
•ആയുര്‍വേദ ആശുപത്രികളിലെ സ്ത്രീരോഗങ്ങളുമായും കൗമാരക്കാരുമായും ബന്ധപ്പെട്ട സ്പെഷാലിറ്റി യൂനിറ്റുകള്‍ എല്ലാ ജില്ലകളിലേക്കും
•ഹോമിയോപ്പതിക്കായി പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്

നിഷ്ക്രിയ സര്‍ക്കാറിന്‍െറ നിഷ്ക്രിയ നയപ്രഖ്യാപനം –ചെന്നിത്തല
നിഷ്ക്രിയ സര്‍ക്കാറിന്‍െറ നിഷ്ക്രിയ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നയപ്രഖ്യാപനത്തിലെ അതേ ഖണ്ഡികകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ പറഞ്ഞതൊന്നും നടപ്പാക്കിയിട്ടില്ല. ആവര്‍ത്തനവിരസമായ ഒരു പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത, ക്രമസമാധാനനില പാലിക്കാന്‍ കഴിയാത്ത, ജനജീവിതം ദുസ്സഹമാക്കിയ സര്‍ക്കാറാണിത്.
പി.കെ. കുഞ്ഞാലിക്കുട്ടി
സാ മട്ടിലുള്ള നിഷ്ക്രിയമായ കാട്ടിക്കൂട്ടലാണ് നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നയപ്രഖ്യാപനവും ബജറ്റ് പ്രസംഗവും തമ്മിലെ വ്യത്യാസംപോലും മനസ്സിലാകുന്നില്ല. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെക്കുറിച്ചുള്ള ഊന്നല്‍ പോലുമില്ല. നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ഭാവനപൂര്‍ണമായ പരിപാടിയില്ല. 
കെ.എം. മാണി
വരള്‍ച്ചയുടെ രൂക്ഷതയെക്കുറിച്ച് പറഞ്ഞ സര്‍ക്കാര്‍ കുടിവെള്ളവിതരണ പരിപാടിയെപ്പറ്റി ഒന്നും പറയുന്നില്ളെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി.  കാര്‍ഷികോല്‍പന്ന വിലയിടിവിനെപ്പറ്റി സൂചിപ്പിച്ചു. വിപണി ഇടപെടലിനുള്ള പദ്ധതി സൂചിപ്പിച്ചിട്ടില്ല. 
പി.സി. ജോര്‍ജ്
എട്ടുമാസത്തെ ഭരണം കാണുമ്പോള്‍ നയപ്രഖ്യാപനത്തെ ശുഭപ്രതീക്ഷയായി കാണാന്‍ കഴിയില്ളെന്ന് പി.സി. ജോര്‍ജ്. ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, സി.പി.ഐ-സി.പി.എം തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ സംശയമുണ്ട്.
അനൂപ് ജേക്കബ്
ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ നുണ പറയിപ്പിച്ചെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് അനൂപ് ജേക്കബ് പറഞ്ഞു. വരള്‍ച്ച നേരിടാന്‍ കലക്ടര്‍മാര്‍ക്ക് തുക കൊടുത്തെന്ന് പറഞ്ഞു. എന്നാല്‍ ഒരിടത്തും അത് ലഭിച്ചിട്ടില്ല.

ഗവര്‍ണറെ കുഴക്കി മലയാളം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ പല മലയാള വാക്കുകളുടെയും ഉച്ചാരണം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ വിഷമിപ്പിച്ചു. പല സ്ഥലങ്ങളുടെയും പേരുകള്‍ പറഞ്ഞിട്ട് ഇങ്ങനെ തന്നെയാണോ എന്ന് അദ്ദേഹം ആരായുകയും ചെയ്തു. 

 ഒറ്റ നില്‍പില്‍ രണ്ടരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ മൂന്ന് ഗ്ളാസ് വെള്ളം കുടിച്ചു. മുമ്പുള്ള പല ഗവര്‍ണര്‍മാരും നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പ്രസംഗം അവസാനിപ്പിക്കാറ്. എന്നാല്‍ ജസ്റ്റിസ് സദാശിവം മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും 129 പേജുള്ള മുഴുന്‍ പ്രസംഗവും  വായിച്ചു.

 

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.