കറന്‍സി തട്ടിപ്പ് പ്രതികളെ മാനന്തവാടിയിലത്തെിച്ച് തെളിവെടുത്തു

മാനന്തവാടി: നഗരത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍നിന്ന് വിദേശ കറന്‍സി തട്ടിയ സംഭവത്തിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇറാന്‍ സ്വദേശിനി ബഗേരിമഞ്ചര്‍ (45), മകന്‍ ബറോമണ്ട്സ ഡേഹ് മുഹമ്മദ് (24) എന്നിവരെയാണ് തലശ്ശേരി റോഡിലെ സ്ഥാപനത്തിലത്തെിച്ച് തെളിവെടുത്തത്. 
സ്ഥാപനത്തില്‍ പതിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതികളെ കാണിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ തയാറായില്ല. കോടതി നിര്‍ദേശമുള്ളതിനാല്‍ തെളിവെടുപ്പ് പകര്‍ത്താന്‍ പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ല. 

കോഴിക്കോട് ജില്ല ജയിലില്‍ കഴിയുന്ന പ്രതികളെ രണ്ട് ദിവസത്തേക്കാണ് പൊലീസിന് വിട്ടുനല്‍കിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 17നാണ് ഇരുവരും മാനന്തവാടിയില്‍ തട്ടിപ്പ് നടത്തിയത്. വിദേശ കറന്‍സി മാറ്റാനാണെന്ന വ്യാജേന മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ എത്തിയ ഇരുവരും തന്ത്രപൂര്‍വം 1,05,000 രൂപ മൂല്യമുള്ള മൂന്ന് യൂറോ കറന്‍സിയുമായി കടന്നുകളയുകയായിരുന്നു. 19ന് കോഴിക്കോട് മാവൂര്‍ റോഡില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെ നടക്കാവ് പൊലീസ് പിടികൂടുകയായിരുന്നു. 

പന്നിയങ്കര പൊലീസ് എടുത്ത കേസ് പ്രകാരം ബഗേരിയുടെ ഭര്‍ത്താവ് ഗുലാം ഹുസൈന്‍ ഉള്‍പ്പെടെ ജയിലിലാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ കേസില്‍ ഉള്‍പ്പെടാത്തതിനാല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. സി.സി.ടി.വിയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മാനന്തവാടി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ചെറുപുഴയിലും തൊട്ടില്‍പാലം, തലശ്ശേരി, ശ്രീകണ്ഠാപുരം, പാലാ എന്നിവിടങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.

Tags:    
News Summary - currency scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.