കൊച്ചി: ഒരു രാത്രി മുമ്പ് ആഘോഷവേദിയായതും നിമിഷാർധങ്ങൾക്കിടയിൽ തീരാനോവിന് സാക്ഷിയായതുമായ ആ ഓഡിറ്റോറിയമാണ് ഞായറാഴ്ച കുസാറ്റ് കാമ്പസിലെത്തിയവർ ആദ്യം പരതിയത്. നിരവധി വിദ്യാർഥികളുടെ ശ്വാസംമുട്ടിയുള്ള പിടച്ചിലുകളും പ്രാണൻ പറിയുന്ന വേദനയും ഏറ്റുവാങ്ങിയ ആ ഓഡിറ്റോറിയം പിറ്റേദിവസവും എല്ലാറ്റിനും മൂകസാക്ഷിയായി നിലകൊണ്ടു. ഓഡിറ്റോറിയത്തിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിനിടയാക്കിയതും വ്യാപ്തി വർധിപ്പിച്ചതുമെല്ലാം.
സർവകലാശാല കാമ്പസിൽ സാധാരണ തറനിരപ്പിൽനിന്ന് താഴേക്കായാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്. ഓപൺ എയർ ആയിരുന്നത് പിന്നീട് അടച്ചുകെട്ടുകയും മുകളിൽ ഷീറ്റിടുകയും ചെയ്തു. ഇതുകൂടാതെ പ്രധാന ഭാഗത്തുനിന്ന് ഒറ്റ കവാടമേ ഇതിനുണ്ടായിരുന്നുള്ളൂവെന്നതും ദുരന്തത്തിനിടയാക്കി. രണ്ടോ മൂന്നോ കവാടങ്ങളിലൂടെ കയറ്റിവിട്ടിരുന്നെങ്കിൽ തിക്കും തിരക്കും അപകടവും ഉണ്ടാകുമായിരുന്നില്ല. പൊലീസ്, ഫോറൻസിക് വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ വിശദ പരിശോധന നടത്തി.
ഇതിന്റെ മുൻവശം കെട്ടിവെച്ച് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സമീപവാസികളും മറ്റുമായി നിരവധി പേരാണ് ഓഡിറ്റോറിയം കാണാൻ എത്തിയത്. പൊതുദർശനം പൂർത്തിയാക്കി മൃതദേഹങ്ങൾ കൊണ്ടുപോയ ശേഷവും കാമ്പസിലാകെ കനത്ത നിശ്ശബ്ദതയും വേദനയും തളംകെട്ടിനിന്നു. എപ്പോഴും പൊട്ടിച്ചിരിച്ചും ഉല്ലസിച്ചും ചെറുപ്പക്കാരുടെ ബഹളം മുഴങ്ങിയിരുന്ന സർവകലാശാല അങ്കണത്തിലാകെ അടക്കിപ്പിടിച്ച തേങ്ങലുകളും സ്വരം താഴ്ത്തിയുള്ള സങ്കടം പറച്ചിലുകളുമായിരുന്നു ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.