കൊച്ചി: ‘‘ഏറെ പ്രിയപ്പെട്ട അതുൽ, ആൻ, സാറ... ഞങ്ങളാരും പേക്കിനാവിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, ഒന്നു ചിരിക്കുകയോ മിണ്ടുകയോ നോക്കുകയോ ചെയ്യാതെ, നിങ്ങളെയിങ്ങനെ കാണേണ്ടി വരുമെന്ന്, ഈ സർവകലാശാലയൊന്നാകെ കണ്ണീരുമായി നിൽക്കേണ്ടി വരുമെന്ന്... പ്രിയപ്പെട്ട കൂട്ടുകാരേ, വിട... എന്നന്നേക്കുമായി!...’’ ഞായറാഴ്ച കളമശ്ശേരി കുസാറ്റിലെ മണൽതരികളോരോന്നും മൗനമായി മന്ത്രിച്ചത് ഇങ്ങനെയായിരുന്നു.
ശനിയാഴ്ച വൈകീട്ട് സന്തോഷവും ആഹ്ലാദവും നിറഞ്ഞ മുഖങ്ങളോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ, ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീത പരിപാടിക്കെത്തിയ സഹപാഠികൾ ഒരു രാത്രിക്കിപ്പുറം തൂവെള്ള വസ്ത്രങ്ങളിൽ പൊതിഞ്ഞ് സർവകലാശാല കാമ്പസിലെ തന്നെ മറ്റൊരു ഹാളിൽ ചലനമറ്റുകിടക്കുന്നതു കാണാൻ അവർക്ക് കരുത്തില്ലായിരുന്നു. പലരും ആർത്തു കരഞ്ഞു, പലരും നിശ്ശബ്ദമായി തേങ്ങി, മറ്റുചിലർ എല്ലാ നോവും ഉള്ളിൽ കടിച്ചുപിടിച്ച് വികാരങ്ങളെ നിയന്ത്രിച്ചു.
കുസാറ്റ് ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിലെ സോഫ്റ്റ്വെയർ എൻജിനീയറിങ് ബ്ലോക്കിന്റെ ഹാളിലാണ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി അതുൽ തമ്പി (23), രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ സാറ തോമസ് (19), ഇതേ ക്ലാസിലെ ആൻ റിഫ്ത്ത റോയ് (20) എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ചത്. മരിച്ചവരിൽ കുസാറ്റ് വിദ്യാർഥിയല്ലാത്ത പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം കാമ്പസിലേക്ക് കൊണ്ടുവന്നില്ല. കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം രാവിലെ ഒമ്പതു മണിയോടെ സാറ തോമസിന്റെ മൃതദേഹമാണ് കാമ്പസിൽ ആദ്യമെത്തിച്ചത്. ഈ സമയത്തുതന്നെ നൂറുകണക്കിന് വിദ്യാർഥികൾ കാത്തുനിൽപുണ്ടായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം 9.30ഓടെ ആൻ റിഫ്ത്ത, അതുൽ തമ്പി എന്നിവരുടെ മൃതദേഹങ്ങളും എത്തിച്ചു.
മൃതദേഹങ്ങൾക്കരികിലെത്തിയപ്പോൾ പലരും സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. അവസാനമായി ഒരു കുഞ്ഞു പനിനീർ പുഷ്പം പ്രിയപ്പെട്ടവരുടെ മുന്നിലർപ്പിച്ചാണ് സഹപാഠികൾ പിരിഞ്ഞത്. കൈകൂപ്പിയും കണ്ണു തുടച്ചും നെഞ്ചോടുചേർത്ത് വന്ദിച്ചും ഏറ്റവുമടുത്ത ചിലർ അന്ത്യചുംബനം നൽകിയും പ്രിയകൂട്ടുകാരെ യാത്രയാക്കി.
മൃതദേഹങ്ങൾ കിടത്തിയതിനു തൊട്ടുപിന്നിലായി മന്ത്രിമാരുൾപ്പെടെ ജനപ്രതിനിധികൾ, അവർക്കു പിറകിലായി മരിച്ചവരുടെ കുടുംബാംഗങ്ങൾ, സമീപത്തായി അധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയായിരുന്നു വിന്യാസം. മുൻവശത്ത് പൊലീസും വിദ്യാർഥികളുമാണ് പൊതുദർശനം നിയന്ത്രിച്ചത്. മന്ത്രിമാരായ പി. രാജീവ്, ഡോ. ആർ. ബിന്ദു, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ ഉമ തോമസ്, അൻവർ സാദത്ത്, കെ.എൻ. ഉണ്ണികൃഷ്ണൻ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ ആദ്യവസാനമുണ്ടായിരുന്നു. രാവിലെ ഒമ്പതിനു തുടങ്ങിയ പൊതുദർശനം 11ഓടെയാണ് സമാപിച്ചത്. 10.56ന് അതുൽ തമ്പിയുടെ മൃതദേഹം ആദ്യം പുറത്തേക്ക് കൊണ്ടുപോയി, 10.58ന് ആൻ റിഫ്ത്തയുടെയും അവസാനമായി 11.02ന് സാറയുടെയും മൃതദേഹങ്ങൾ കൊണ്ടുപോയി. സുഹൃത്തുക്കൾ തന്നെയാണ് മൃതദേഹങ്ങൾ ചുമലിലേറ്റിയത്. സഹപാഠികളും അധ്യാപകരും മൃതദേഹങ്ങളെ അവരുടെ നാടുകളിലേക്ക് അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.