ആൽബിൻ ജോസഫ്

ആൽബിൻ കൊച്ചിയിലെത്തിയത് ജോലി അന്വേഷിച്ച്; നഷ്ടമായത് കുടുംബത്തിന്‍റെ അത്താണി

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ഇന്നലെ സംഗീതപരിപാടിക്ക് മുന്നോടിയായുണ്ടായ തിരക്കിൽപെട്ട് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് കൊച്ചിയിലെത്തിയത് ജോലി അന്വേഷണത്തിന്‍റെ ഭാഗമായി. കുസാറ്റിൽ മുമ്പ് പരീക്ഷ എഴുതാൻ വരാറുണ്ടായിരുന്ന ആൽബിന് ഇവിടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അങ്ങനെയാണ് ഇന്നലെ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി ഗാനസന്ധ്യക്കെത്തിയത്. മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്‍റെ മകനാണ് ആൽബിൻ.

നിർധന കുടുംബാംഗമായ ആൽബിൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിച്ചശേഷം വിദേശത്ത് ജോലിക്ക് തയാറെടുക്കുകയായിരുന്നു. നാട്ടിൽ കാറ്ററിങ് ജോലികളും മറ്റും ചെയ്താണ് കുടുംബത്തെ നയിച്ചത്. ആൽബിന്‍റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. ജോലി അന്വേഷിച്ചു പോകുകയാണെന്നാണ് മകൻ കൊച്ചിയിലേക്ക് പോകുമ്പോൾ പറഞ്ഞതെന്ന് ആൽബിന്‍റെ പിതാവ് പറഞ്ഞു.

അപകടമുണ്ടായപ്പോൾ തന്നെ ബന്ധുക്കൾ ആൽബിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റൊരാളാണ് ഫോണെടുത്തത്. കൃത്യമായ വിവരം അവരിൽ നിന്ന് ലഭിച്ചിരുന്നില്ല. രാത്രി 11ഓടെയാണ്, അപകടത്തിനിരയായവരിൽ ആൽബിനും ഉൾപ്പെടുന്നുവെന്ന് കുടുംബം അറിഞ്ഞത്.

ആൽബിനെ കൂടാതെ കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി (21), പറവൂർ സ്വദേശി ആൻ റിഫ്ത്ത (20), കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് (19) എന്നിവരാണ് ഇന്നലെ മരിച്ചത്. വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തിനെത്തിച്ചിരിക്കുകയാണ്. ആൽബിന്‍റെ മൃതദേഹം സഹോദരിയും ഭർത്താവും എത്തി ഏറ്റുവാങ്ങി. 

Tags:    
News Summary - CUSAT stampede Albin came to Kochi in search of work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.