കളമശ്ശേരി: നാലു പേരുടെ മരണത്തിനും നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ കുസാറ്റ് ടെക്ഫെസ്റ്റ് പൊലീസിനെ അറിയിച്ചില്ലെന്നും അറിയിച്ചെന്നും വാദം. പരിപാടിയിൽ പുറമെനിന്നടക്കം നിരവധി പേർ പങ്കെടുക്കാനുള്ള സാധ്യതയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ സംവിധാനം ഉണ്ടായിരുന്നില്ല.
പരിപാടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രിൻസിപ്പൽ ഓഫിസിൽനിന്ന് സർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, പൊലീസിന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പരിപാടിയിൽ വിദ്യാർഥിബാഹുല്യം കണക്കിലെടുത്ത് തൃക്കാക്കര എ.സിയുടെ കീഴിലുള്ള പൊലീസുകാർ സംഭവ ദിവസം ഓഡിറ്റോറിയത്തിനു മുന്നിൽ നിലയുറപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ കാമ്പസിൽ വിദ്യാർഥി സംഘർഷം ഉണ്ടായിരുന്നതിനാൽ മുൻകരുതലെന്ന നിലയിൽ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നു
അതേസമയം, പരിപാടി നടത്തിപ്പിൽ പാളിച്ച ഉണ്ടായിട്ടുണ്ടെന്നാണ് വി.സി. ഡോ. പി.ജി. ശങ്കരൻ പറഞ്ഞത്. വാക്കാൽ പൊലീസിനെ അറിയിച്ചിരുന്നു. ഔദ്യോഗികമായി അറിയിച്ചിരുന്നോ എന്ന് അന്വേഷിക്കും.എന്തൊക്കെ പാളിച്ചകളുണ്ടായി, ഓപൺ സ്റ്റേജ് ആയതിനാൽ പുറത്തുനിന്നുള്ളവർ കയറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ശശി ഗോപാലൻ, കെ.കെ. കൃഷ്ണകുമാർ, ഡോ. പി.കെ. ബേബി എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
കൊച്ചി: ഒരു രാത്രി മുമ്പ് ആഘോഷവേദിയായതും നിമിഷാർധങ്ങൾക്കിടയിൽ തീരാനോവിന് സാക്ഷിയായതുമായ ആ ഓഡിറ്റോറിയമാണ് ഞായറാഴ്ച കുസാറ്റ് കാമ്പസിലെത്തിയവർ ആദ്യം പരതിയത്. ഓഡിറ്റോറിയത്തിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിനിടയാക്കിയതും വ്യാപ്തി വർധിപ്പിച്ചതുമെല്ലാം.സർവകലാശാല കാമ്പസിൽ സാധാരണ തറനിരപ്പിൽനിന്ന് താഴേക്കായാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്. ഓപൺ എയർ ആയിരുന്നത് പിന്നീട് അടച്ചുകെട്ടി മുകളിൽ ഷീറ്റിടുകയായിരുന്നു. പ്രധാന ഭാഗത്തുനിന്ന് ഒറ്റ കവാടമേ ഇതിനുണ്ടായിരുന്നുള്ളൂവെന്നതാണ് പ്രധാന പോരായ്മ. പൊലീസ്, ഫോറൻസിക് വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ വിശദ പരിശോധന നടത്തി. ഇതിന്റെ മുൻവശം കെട്ടിവെച്ച് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.