കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനെ മാറ്റി; ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പം

കൊച്ചി/കളമശ്ശേരി: മൂന്ന് വിദ്യാർഥികളുൾപ്പെടെ നാലുപേർ മരിക്കാനിടയായ കുസാറ്റിലെ ടെക്ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പരിപാടിയുടെ സംഘാടകസമിതി ചെയർമാനായ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവിനെ മാറ്റാൻ സർവകലാശാല സിൻഡിക്കേറ്റിന്‍റെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.

പകരം മുൻ പ്രിൻസിപ്പൽ ഡോ. ശോഭ സൈറസിന് ചുമതല നൽകും. അതേസമയം, പരിപാടിക്ക് സുരക്ഷ ഒരുക്കണമെന്ന കാര്യം യഥാസമയം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ച പ്രിൻസിപ്പലിനെ ബലിയാടാക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

അപകടത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങളായ മൂന്നംഗ ഉപസമിതിയിൽനിന്ന് നിയമനവിവാദത്തിൽപെട്ട ഡോ. പി.കെ. ബേബിയെ ഒഴിവാക്കി. കുസാറ്റ് യൂത്ത് വെൽഫെയർ ഡയറക്ടറായ ഇദ്ദേഹത്തെ യു.ജി.സി മാനദണ്ഡങ്ങൾ മറികടന്ന് അധ്യാപകനായി നിയമിച്ചതു സംബന്ധിച്ച് ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ, അദ്ദേഹം സ്വയം ആവശ്യപ്പെട്ടതിനാലാണ് സമിതിയിൽനിന്ന് ഒഴിവാക്കിയതെന്ന് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞു.

പകരം ഡോ. വി.ജെ. ലാലിയാണ് സമിതിയിലുള്ളത്. കെ.കെ. കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ. ശശി ഗോപാലന്‍ എന്നിവരാണ് മറ്റംഗങ്ങൾ. പരിപാടിയുടെ സംഘാടനത്തില്‍ വന്ന വീഴ്ചകളെപ്പറ്റി പഠിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്.

ഇതിനിടെ സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ നൽകിയ കത്ത് രജിസ്ട്രാർ പൊലീസിന് കൈമാറാതെ അവഗണിച്ചതു സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് വി.സി ഒഴിഞ്ഞുമാറി. വെള്ളിയാഴ്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ടെക്ഫെസ്റ്റിന്‍റെ ഭാഗമായുള്ള സംഗീതനിശ തുടങ്ങുന്നതിനു മുമ്പുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. 

Tags:    
News Summary - CUSAT stampede: Syndicate removes School of Engineering principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.