കൊച്ചി: മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിക്കാനിടയായ കുസാറ്റ് അപകടത്തിൽ സംഘാടക സമിതിക്ക് വീഴ്ച സംഭവിച്ചുവെന്ന് സർവകലാശാല. സെലബ്രിറ്റി ഗാനമേളകൾക്ക് അനുമതി നൽകാറില്ലെന്നും നിഖിത ഗാന്ധിയുടെ ഗാനമേളയാണെന്ന് അറിയിച്ചില്ലെന്നും സർവകലാശാല ഇറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
സിൻഡിക്കറ്റ് ഉപസമിതി അന്വേഷണം നടക്കുന്നതിനിടെയാണ് കുസാറ്റ് വിശദീകരണക്കുറിപ്പ് ഇറങ്ങിയത്. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ടെക്ഫെസ്റ്റിന്‍റെ ഭാഗമായുള്ള സംഗീതനിശ തുടങ്ങുന്നതിനു മുമ്പുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പരിപാടിയുടെ സംഘാടകസമിതി ചെയർമാനായ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവിനെ മാറ്റാൻ സർവകലാശാല സിൻഡിക്കേറ്റിന്‍റെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.
പ്രിൻസിപ്പലിനെ നീക്കിയത് രാഷ്ട്രീയപ്രേരിതമെന്ന് കുസാറ്റ് എംപ്ലോയിസ് യൂണിയൻ ആരോപിച്ചു. വാദിയെ പ്രതിയാക്കുന്ന നടപടിയാണെന്നും രേഖാമൂലം സുരക്ഷ ആവശ്യപ്പെട്ട പ്രിൻസിപ്പൽ ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ടെന്നും യൂണിയൻ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ റജിസ്ട്രാർക്ക് നൽകിയ കത്തിനെ കുറിച്ച് വി.സി മറുപടി പറയുന്നില്ല. രജിസ്ട്രാറെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും യൂണിയൻ ആരോപിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. ശോഭ സൈറസിനാണ് പുതിയ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.