മലപ്പുറം: പാണ്ടിക്കാട്ട് യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർമാരായ ആന്റ്‌സ് വിൻസൻ, ടി.പി ഷംസീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പന്തല്ലൂർ കടമ്പോട് സ്വദേശി ആലുങ്ങൽ വീട്ടിൽ മൊയ്തീൻകുട്ടിയാണ് (36) മരിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ മൊയ്തീൻകുട്ടിയെ പാണ്ടിക്കാട്ടെയും പിന്നീട് പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ പൂരത്തിനിടെയുണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീൻകുട്ടിയെയടക്കം ഏഴുപേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ സ്റ്റേഷനിൽ ഹാജരായ മൊയ്തീൻകുട്ടി അഞ്ചുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് മർദനത്തിലാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷന് പുറത്തുള്ള ഒരു കെട്ടിടത്തിൽ വെച്ച് മൊയ്തീൻകുട്ടിയെ പൊലീസ് ക്രൂരമായി മർദിച്ചതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഹൃദ്രോഗമുള്ളയാളാണെന്ന് സൂചിപ്പിച്ച ശേഷവും പൊലീസ് മർദനം തുടർന്നെന്നും ഇവർ പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.