കോഴിക്കോട് : പാറശ്ശാല കൂതാളി ഇ.വി.യു.പി സ്കൂളിൽ വ്യാജ അഡ്മിഷനിലൂടെ ഡിവിഷനുകൾ നിലനിർത്തിയതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കാനും നിലനിർത്താനും വ്യത്യസ്ത ക്ലാസുകളിലയി 53 കുട്ടികൾക്ക് ടി.സി അനുവദിക്കാതെ നിലനിർത്തിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
വ്യാജമായി അഡ്മിഷൻ അനുവദിച്ചതായി രേഖകൾ സൃഷ്ടിച്ചും, അതനുസരിച്ചുള്ള വ്യാജ കണക്കുകൾ വകുപ്പ് അധികാരികൾക്ക് സമർപ്പിക്കുകയും ചെയതു. ഇക്കാര്യത്തിൽ സ്ക്കൂളിലെ പ്രധാന അധ്യാപികയായ ആർ.വൈ. ഷീന ക്രിസ്റ്റബലിനെതിരെയും, സ്കൂൾ മാനേജർക്കെതിരെയും കർശന അച്ചടക്ക നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർടടിലെ ശിപാർശ.
വ്യാജമാണെന്ന് തെളിഞ്ഞ 53 കുട്ടികളെ ഒഴിവാക്കി സ്റ്റാഫ് ഫിക്സേഷൻ ഭേദഗതി നടത്തണം. വ്യാജ പ്രവേശനം നല്കിയ കണക്കിൽ ഏതെങ്കിലും അധ്യാപക തസ്തികക്ക് അംഗീകാരം നല്കിയിട്ടുണ്ടെങ്കിൽ അത് ഉടനടി റദ്ദ് ചെയ്യണം. ഈ ഇനത്തിൽ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഭരണ വകുപ്പ് തിട്ടപ്പെടുത്തി പ്രധാന അധ്യാപകൻ, അംഗീകാരം നൽകപ്പെട്ട അധ്യാപകൻ എന്നിവരിൽ നിന്നും 18 ശതമാനം പലിശയോടെ ഈടാക്കമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഉച്ചഭക്ഷണം, സൗജന്യ പാഠപുസ്തകം, സൗജന്യ യൂനിഫോം എന്നീ ഇനങ്ങളിൽ വ്യാജമായി രേഖപ്പെടുത്തിയ കുട്ടികളുടെ പേരിൽ സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടമായ 65,745 രൂപയാണ്. ഇത് സ്കൂളിന്റെ പ്രധാന അധ്യാപകനിൽ നിന്നും 18 ശതമാനം പലിശയോടുകൂടി ഈടാക്കണം.
2020-21 മുതൽ 2022-23 വരെയുളള കാലത്തെ ആറാം പ്രവർത്തി ദിവസം നല്കിയ യു.ഐ.ഡി ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനപരിശോധന നടത്തി അഡ്മിഷനുകളുണ്ടെങ്കിൽ അത് കണ്ടെത്തി കുറവ് ചെയ്യണം. പൂർത്തീകരിച്ചതിനുശേഷം പ്രവർത്തനം മാത്രമേ 2024-25 ഉൾപ്പടെയുളള വർഷങ്ങളിലെ തസ്തികകളുടെ നിയമനാംഗീകാരം അനുവദിച്ച് നൽകേണ്ടതുള്ളൂ.
സ്ക്ളിൽ ഹാജരാകാത്ത 53 ഓളം കുട്ടികൾക്ക് പ്രധാന അധ്യാപകൻറെ ഒത്താശയോടെ അധ്യാപകർ ഹാജർ രേഖപ്പെടുത്തിയത് സംഘടിത ഗൂഡാലോചനയുടെ ഭാഗമാണ്. അതിനാൽ ഭരണ വകുപ്പ് ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തി വ്യാജമായി ഹാജർ രേഖപ്പെടുത്തിയതിന് ഉത്തരവാദികളെന്ന് കാണുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണം. ഈ അധ്യാപകർ നിയമന അംഗീകാരം ലഭിക്കാത്തവരാണെങ്കിൽ അവരുടെ അംഗീകാരം തടഞ്ഞു വെക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.