തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോൾ വിഭാഗം അറിയാതെ കൂടുതൽ നയതന്ത്ര ബാഗേജുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിട്ട് യു.എ.ഇ കോൺസുലേറ്റിന് വിട്ടുനൽകിയതായി എൻ.ഐ.എ കണ്ടെത്തൽ. യു.എ.ഇയിൽനിന്ന് മാർച്ച് 23ന് വല്ലാർപാടത്തെത്തിയ ബാഗേജ് ഇത്തരത്തിൽ വിട്ടുനൽകിയതായും വ്യക്തമായി. കോൺസുലേറ്റ് ഇത് പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തില്ല. പ്രോട്ടോകോൾ ഓഫിസറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ ബാഗേജ് കസ്റ്റംസ് വിട്ടുനൽകുകയായിരുന്നു. ഇത്തരത്തിൽ എത്ര ബാഗേജുകൾ വിട്ടുനൽകിയെന്നത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
നയതന്ത്ര ബാഗേജിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിെൻറ അപേക്ഷയിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ ഒപ്പിട്ടാൽ മാത്രമേ ബാഗേജ് കസ്റ്റംസിന് വിട്ടുനൽകാനാകൂ. എന്നാൽ, സോഫ്റ്റ്വെയറിൽ അത്തരമൊരു നിബന്ധന ഉൾക്കൊള്ളിക്കാത്തതിനാലാണ് ബാഗേജുകൾ വിട്ടുനൽകിയതെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ചില ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെയും ജോയൻറ് ചീഫ് പ്രോട്ടോകോൾ ഓഫിസറെയും അന്വേഷണസംഘം ചോദ്യം ചെയ്യും.
അതേസമയം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. മുഹമ്മദലി, ഇബ്രാഹിം, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക. കേസിലെ നാല് പ്രതികളും റമീസിനും ജലാലിനും വേണ്ടി സ്വർണം വിവിധയിടങ്ങളിൽ എത്തിച്ചതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ അനുമതി തേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.