തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരെയും പ്രതിചേർക്കാൻ കസ്റ്റംസ് നീക്കമാരംഭിച്ചു. മുന്‍ കോണ്‍സല്‍ ജനറൽ ജമാല്‍ ഹുസൈന് അല്‍സാബി, അറ്റാഷെ ആയിരുന്ന റാഷീദ് ഖാമീസി എന്നിവർക്ക് കാരണംകാണിക്കൽ നോട്ടീസ് കൈമാറി.
നടപടിക്രമം അനുസരിച്ച് വിദേശകാര്യ മന്ത്രാലയം വഴിയാണ് നോട്ടീസ് നൽകിയതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. കേസിൽ പ്രതിസ്ഥാനത്തുള്ളവർക്കും ആരോപണവിധേയർക്കും കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് തുടരുകയാണ്. നോട്ടീസിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നിഷേധിക്കുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തുള്ള മറുപടിയാണ് ലഭ്യമാക്കേണ്ടത്.
ഇത് ലഭിച്ചശേഷം കസ്റ്റംസ് തുടർനടപടികളിലേക്ക് കടക്കും. അറസ്റ്റിലായ മുഖ്യപ്രതികളെല്ലാം സ്വർണം, ഡോളർ കടത്ത് കേസുകളിൽ മുൻ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ പങ്ക് സംബന്ധിച്ച് മൊഴി നൽകിയിരുന്നു. ഇരുവരെയും ചോദ്യംചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി കസ്റ്റംസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സ്വർണക്കടത്ത് അന്വേഷണം മുടന്തുന്നെന്ന ആക്ഷേപം നിലനിൽക്കെ നിര്‍ണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. കഴിഞ്ഞവർഷം ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. സ്വർണം വിട്ടുകിട്ടാൻ അറ്റാഷെ സമ്മർദം ചെലുത്തി. നയതന്ത്ര ബാഗേജ് വഴി വന്ന പാർസൽ തിരിച്ചുവിടാൻ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്വർണം പിടികൂടി ദിവസങ്ങൾക്കുള്ളിൽ അറ്റാഷെ ഡൽഹി വഴി സ്വദേശത്തേക്ക് പോയി. സ്വർണം പിടികൂടുന്നതിന് മൂന്ന് മാസംമുമ്പ് കോൺസൽ ജനറലും മടങ്ങിയിരുന്നു.
സ്വർണക്കടത്തിൽ പിടിയിലായ സ്വപ്ന സുരേഷ്, പി.ആർ. സരിത്ത് എന്നിവരുടെ മൊഴിയിൽനിന്ന്, 95 കിലോ സ്വര്‍ണം കടത്താന്‍ കോണ്‍സല്‍ ജനറലും 71 കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയും കൂട്ടുനിന്നെന്നും അതിനുള്ള കമീഷൻ ഇരുവരും കൈപ്പറ്റിയെന്നും അത് ഡോളറാക്കി കടത്തിയെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. പ്രതികൾ തങ്ങളുടെ വ്യാജ ഒപ്പ്, സീൽ, കത്ത് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.
നോട്ടീസിന് മറുപടി നൽകുമോ എന്നതിനെ ആശ്രയിച്ചാകും മുൻ കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതി ചേർക്കുന്നതുൾപ്പെടെ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.