തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണത്തിൽ ദേശാഭിമാനി ജീവനക്കരനടക്കം രണ്ടുപേർ അറസ്റ്റിൽ. ദേശാഭിമാനിയിലെ താൽക്കാലിക ജീവനക്കാരനായ വി.യു വിനീത്, കൊല്ലം സ്വദേശി ടി.ജെ ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. ഉടൻ ജാമ്യം നൽകി വിട്ടയച്ചു.
മനോരമാന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷ് നൽകിയ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
സർക്കാറിനെതിരെ വിമർശനങ്ങളും മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളും ഉയർത്തിയതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജണൽ എഡിറ്റർ ആർ.അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷിനും മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടി.വിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ സംഘടിത ആക്രമണം നടത്തിയത്.
മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന് കൈമാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.