തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ്. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നതിനാലാണ് ശക്തമായ മഴ തുടരുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കൂടാതെ തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കു ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.