തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് നാശംവിതച്ച കേരളത്തിലെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ തലസ്ഥാനത്തെത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവർ ഉടൻ കന്യാകുമാരിയിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
ദുരിതബാധിത മേഖലകളായ പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നിവിടങ്ങളിൽ കേന്ദ്രമന്ത്രി സന്ദർശനം നടത്തും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സംസ്ഥാനത്തെ മന്ത്രിമാർ, നാവികസേന ഉദ്യോഗസ്ഥർ, കലക്ടർ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ചയും നടത്തും. 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും.
കേരളത്തിലെയും തമിഴ്നാട്ടിലെയും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് മന്ത്രി എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, കലക്ടർ ഡോ. കെ. വാസുകി, വ്യോമ^നാവികസേന ഉദ്യോഗസ്ഥർ, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ, ജില്ല പ്രസിഡൻറ് എസ്. സുരേഷ് തുടങ്ങിയവർ സ്വീകരിച്ചു.
തുടർന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. കന്യാകുമാരിയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കണ്ടശേഷമാണ് തിരുവനന്തപുരത്തെത്തുക. കേന്ദ്ര മന്ത്രി അൽേഫാൺസ് കണ്ണന്താനത്തിന് പിന്നാലെയാണ് നിർമല സീതാരാമനും തലസ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.