ഗവര്‍ണറും സര്‍വകലാശാലയും അനധികൃതമായി ഇടപെട്ട സര്‍ക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഇക്കാര്യത്തില്‍ മൂന്നു കൂട്ടരും തുല്യ ഉത്തരവാദികളാണ്. ഡി- ലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ ഇവര്‍ ഇത്രനാള്‍ രഹസ്യമാക്കി വച്ചത് ദൗര്‍ഭാഗ്യകരമാണ്. ഒളിപ്പിച്ചു വച്ച വിവരങ്ങള്‍ ഇപ്പോള്‍ ഓരോന്നായി പുറത്തു വരുന്നു.
മാധ്യമങ്ങളെ കണ്ടപ്പോള്‍ 'ലോയല്‍ ഒപ്പോസിഷന്‍' എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്‍ററി സംവിധാനത്തില്‍ സര്‍ക്കാരിനെ ക്രിയാത്മകമായി എതിര്‍ക്കുകയും അതേസമയം ഭരണഘടനയോടും രാജ്യത്തോടും കൂറുള്ളവരെയാണ് 'ലോയല്‍ ഒപ്പോസിഷന്‍' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ പ്രതിപക്ഷത്തിന് ഗവര്‍ണറുടെ വാക്കുകള്‍ അംഗീകാരമാണ്.
വൈസ് ചാന്‍സലര്‍മാരുടേത് ഉള്‍പ്പെടെ സര്‍വകലാശാല നിയമനങ്ങളില്‍ സി.പി.എം ഇടപെടലുണ്ടെന്നത് പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണ്. ഇപ്പോള്‍ ഗവര്‍ണറും ഇത് അംഗീകരിക്കുന്നു. ചാന്‍സലര്‍ പദവി ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.