വാഴയൂർ: ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്ലീം പ്രതിനിധ്യം പേരിനുപോലുമില്ലെന്നും ഇന്ത്യൻ മാധ്യമ ഇടങ്ങളിൽ ഇത്തരം വിഭാഗങ്ങളെ മനപൂർവം അകറ്റി നിർത്തുകയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജുമായ ആർ. രാജഗോപാൽ പറഞ്ഞു.
വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാസ് കമ്യൂണികേഷൻ ആൻഡ് ജേണലിസം വിഭാഗം സംഘടിപ്പിച്ച ‘ബത്തക്ക’ ഇന്‍റർ കോളജ് മീഡിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ മാധ്യമങ്ങൾ അവരുടെ യഥാർഥ കടമ നിർവഹിക്കുന്നില്ല. രാജ്യത്തെ മധ്യവർഗത്തിന്‍റെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഇവിടത്തെ മീഡിയകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെയും കർഷകരുടെയും സങ്കടങ്ങളും പ്രതിസന്ധികളും മുഖ്യാധാര മാധ്യമങ്ങൾക്ക് ഒരു വാർത്തയേ അല്ലാതായി. മുസ്ലീം പ്രതിനിധ്യത്തെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ സ്ത്രീ പ്രാതിനിധ്യത്തിൽ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകളെടുക്കുന്ന പ്രധാന സ്ഥാനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും ശുഷ്കമാണ്.
പല നിർണായകഘട്ടങ്ങളിലും അനീതികൾക്കെതിരെ പ്രതിരോധം തീർക്കുകയെന്ന കടമ മാധ്യമപ്രവർത്തകർ അവഗണിക്കുയോ മറന്നുപോവുകയോ ചെയ്യുന്നുണ്ട്. അനിവാര്യമായ സാഹചര്യങ്ങൾ എതിർക്കുകയെന്നതാണ് ഒരു മാധ്യമപ്രവർത്തകന്‍റെ പ്രധാന ഉത്തരവാദിത്വം. വർഗീയതയെ പ്രതിരോധിക്കാൻ ഓരോ പൗരനും സാധിക്കുന്നത് എന്താണോ അത് ചെയ്യണം. വ്യത്യസ്ത മാർഗങ്ങളിൽ രാജ്യത്തിന്‍റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ നമ്മൾ ഒരോരുത്തരും പ്രയത്നിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.