വയോജന കേന്ദ്രത്തിൽ രണ്ടാഴ്ചക്കിടെ അഞ്ച് മരണം: മൃതദേഹങ്ങളിൽ അപകടകാരികളായ ബാക്ടീരിയ സാന്നിധ്യം

മൂവാറ്റുപുഴ: അജ്ഞാത രോഗം ബാധിച്ച് രണ്ടാഴ്ചക്കിടെ അഞ്ചു പേർ മരിച്ച മുവാറ്റുപുഴ മുറിക്കൽ സ്നേഹാലയം വയോജന കേന്ദ്രത്തില്‍ മരിച്ചവരുടെ സ്രവങ്ങളിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും കണ്ടെത്തിയത്. ക്ലെബ്‌സിയെല്ല, സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരീയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.

ദുർബലരായ വയോധികരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ബാക്ടീരിയകൾ ആണിത്. വയോജന കേന്ദ്രത്തിൽ എങ്ങിനെ വ്യാപകമായി പടർന്നു എന്നതിന്റെ കാരണം വ്യക്തമല്ല. ഒടുവിൽ മരിച്ച മാമലശ്ശേരി ചിറത്തടത്തിൽ ഏലിസ്കറിയ (73), ഐരാപുരം മഠത്തിൽകമലം (72) എന്നിവരുടെ രക്തസാമ്പിളുകളും മറ്റും പരിശോധിച്ചതിന്റ റിസൽട്ടാണ് ബുധനാഴ്ച വന്നത്. അജ്ഞാത രോഗം ബാധിച്ച് അഞ്ചു പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ പരിശോധനയാണ് നടത്തിയത്.

അതേസമയം, വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. ബലക്ഷയം മൂലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാത്ത കെട്ടിടത്തിൽ അന്തേവാസികളെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ നഗരസഭയുടെ തീരുമാനം. അന്തേവാസികളെ ഉടൻ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. കെട്ടിടം നവീകരിക്കാൻ എട്ട് ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയാക്കിയ ശേഷമാകും അന്തേവാസികളെ തിരികെ എത്തിക്കുക.

നിബന്ധനകൾക്ക് വിധേയമായി അന്തേവാസികളെ ഏറ്റെടുക്കാമെന്ന് ഗാന്ധി ഭവൻ അറിയിച്ചിരുന്നു. നഗരസഭയുടെ ചിലവിൽ പത്തനാപുരത്ത് എത്തിച്ച് സ്നേഹാലയത്തിന്റ അറ്റകുറ്റ പണികൾ തീരുന്ന മുറക്ക് തിരികെ കൊണ്ടുപോകണം. ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുടെ സാന്നിധ്യത്തിലാണ് ഇവരെ അയക്കേണ്ടതെന്നും ഗാന്ധി ഭവൻ അധികൃതർ അറിയിച്ചു. 

Tags:    
News Summary - Dangerous bacteria found in Muvattupuzha old-age home inmates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.