തിരുവനന്തപുരം: ശബരിമലയിലെ അഭൂതപൂർവമായ തിരക്ക് പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ വർധിപ്പിക്കാൻ തീരുമാനം. ഇന്ന് വൈകീട്ട് മൂന്ന് മുതൽ തുറന്നാണ് ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർധിപ്പിച്ചത്. ദർശന സമയം കൂട്ടുന്നത് സംബന്ധിച്ച് മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരും ചർച്ച നടത്തിയിരുന്നു.
പുലർച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് ഒന്നിന് അടക്കും. വൈകീട്ട് മൂന്നിന് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 ന് അടക്കും. ശബരീശദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർധിപ്പിക്കാൻദേവസ്വം ബോർഡ് തീരുമാനിച്ചത്.
ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ദർശന സമയം വർധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു.
ദർശനസമയം വർധിപ്പിക്കുന്ന കാര്യം മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകീട്ട് മൂന്ന് മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.
തീരുമാനത്തിനു പിന്നാലെ മൂന്നിന് ക്ഷേത്രനട മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു. ഒരു മണിക്കൂർ ദർശനസമയം വർധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി
ലഭിക്കും. ഭക്തരുടെ അഭ്യർഥനയെയും ദേവസ്വം ബോർഡിൻ്റെ ആവശ്യവും അനുഭാവപൂർവം പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് നന്ദി അറിയിച്ചു.
ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി. ദിവസവും രാത്രി 11 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.