പ്രീതിയും മകൾ ഉണ്ണിമായയും

ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതെ മകൾ മരിച്ചു; വേർപാടിന്‍റെ ആഘാതത്തിൽ അമ്മയ്ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതായതോടെ മകളും, മകളുടെ വേർപാടിന്‍റെ ആഘാതത്തിൽ അമ്മയും മരിച്ചു. തൃശൂർ മതിലകത്താണ് ദാരുണ സംഭവം.

റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്‍റെ ഭാര്യ പ്രീതി (49), മകൾ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയിൽ അടുത്തടുത്ത് അന്ത്യയാത്രയായത്.

കാട്ടൂർ പൊഞ്ഞനം കോമരത്ത് ലാലിന്‍റെ ഭാര്യയായ ഉണ്ണിമായ ഹൃദയവാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ഇടക്കിടെയുണ്ടാകുന്ന ശ്വസനതടസത്തിൽ നിന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററിന്‍റെ സഹായത്തോടെയാണ് ആശ്വാസം കണ്ടെത്തുന്നത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജൻ കോൺസൻട്രേഷൻ പ്രവർത്തനരഹിതമായി.

ഓക്സിജൻ കിട്ടാതെ ഉണ്ണിമായ അവശയാകുകയായിരുന്നു. ഉടൻ സമീപവാസികൾ ആംബുലൻസ് വരുത്തി സി.കെ. വളവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മകളുടെ മരണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികൾ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു.

പിറകെ മകളുടെ ചേതനയറ്റ ശരീരവും ആംബുലൻസിൽ കൊണ്ടുവന്നു. ഇതോടെ ആഘാതത്തിൽ ഗുരുതരാവസ്ഥയിലായ പ്രീതിയെ അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

വീട്ടുമുറ്റത്ത് ആദ്യം മകൾക്കും പിറകെ അമ്മക്കും ചിതയൊരുക്കി. പ്രീതിയുടെ മകൻ അരുൺ കർമ്മങ്ങൾ നിർവ്വഹിച്ചു. ഇക്കഴിഞ്ഞ 13നായിരുന്നു ഉണ്ണിമായയുടെ മൂന്നാം വിവാഹ വാർഷികം. 

Tags:    
News Summary - Daughter dies due to oxygen concentrator not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.