ദോഹ: ചെക്ക് കേസിൽപെട്ട് നാട്ടിലേക്ക് പോകാൻ കഴിയാതെ 14 വർഷത്തോളമായി ഖത്തറിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. തൃശൂർ വെള്ളാങ്ങല്ലൂർ നമ്പിളി വീട്ടിൽ രാധാകൃഷ്ണൻ (67) ആണ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ജയിലിൽ കഴിയവെ, ഈ വർഷം ജനുവരിയിലാണ് ഇദ്ദേഹം അസുഖബാധിതനായത്. തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മരണം. ഭാര്യ: ലിജി രാധാകൃഷ്ണൻ. മകൾ: ഡോ. ശിഖ.
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. ഭീമമായ തുക ബാധ്യതയുള്ളതിനാൽ കേസ് പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങാനോ, കേസിൽ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു.
അസുഖ ബാധിതനായതിനെ തുടർന്ന് ഭാര്യയും മകളും ഖത്തറിലെത്തിയിരുന്നു. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.