കൊച്ചി: അമ്മ പ്രതിയാണെന്ന് പറഞ്ഞ് മകളെ സ്കൂളിൽ കുട്ടികൾ കളിയാക്കുന്നുവെന്ന് നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് റോഡിൽ കാത്തു നിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി. കുട്ടികൾക്ക് ഇപ്പോൾ പേടിയാണെന്നും അർച്ചന പറഞ്ഞു.
കറുപ്പിട്ടതിന് പൊലീസ് അപമാനിച്ചെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും അർച്ചന വ്യക്തമാക്കി. കറുത്ത വസ്ത്രം ധരിച്ചതിന്‍റെ പേരിൽ ഏഴു മണിക്കൂർ കസ്റ്റഡിയിൽവെച്ചു. ഭർത്താവിന്‍റെ അമ്മയെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു.
കുട്ടികളെ വിളിക്കാൻ പോയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസികമായി താൻ ഏറെ വിഷമിച്ചു. പി.എസ്.സി കോച്ചിങ് സെന്‍ററിലെ വിദ്യാർഥികളും താൻ തെറ്റ് ചെയ്തെന്ന തരത്തിൽ പറയുന്നു. നീതിക്കായാണ് ഹൈകോടതിയെ സമീപിച്ചതെന്നും അർച്ചന പറഞ്ഞു.
നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് റോഡിൽ കാത്തു നിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പത്തനാപുരം തലവൂർ സ്വദേശിനി എൽ. അർച്ചനയാണ് നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചത്. ഏഴു മണിക്കൂർ പൊലീസ് അന്യായമായി തടവിൽവെച്ചെന്നാണ് പരാതി. ഡിസംബർ 18ന് ഭർതൃമാതാവിനൊപ്പം രണ്ടാലുംമൂട്ടിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവമെന്ന് ഹരജിയിൽ പറഞ്ഞു.
ഭർത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയായതിനാൽ യുവതി പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അർച്ചന ഹരജിയിൽ വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ഒരാഴ്ചക്കു ശേഷം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.