പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മത്സരിക്കാൻ മുൻ ഡി.സി.സി അധ്യക്ഷനും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സി.പി.എം പിന്തുണയോടെയാണ് എ.വി. ഗോപിനാഥ് മത്സരിക്കുക. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഫലമായാണ് ഷാഫിക്കെതിരെ മുൻ ഡി.സി.സി അധ്യക്ഷൻ മത്സരത്തിനിറങ്ങുന്നത്.
എ.വി. ഗോപിനാഥ് മത്സരിക്കുമ്പോൾ പിന്തുണ നൽകുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് ചേരുന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റിൽ ഉണ്ടായേക്കും.
പാർട്ടി നേതൃത്വവുമായി ഭിന്നതയിൽ കഴിയുകയാണ് മുൻ അധ്യക്ഷനായ എ.വി. ഗോപിനാഥ്. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഇവിടെ രൂക്ഷമാണ്.
2011ൽ എ.വി. ഗോപിനാഥിന്‍റെ സ്ഥാനാർഥിത്വം തെറിപ്പിച്ചാണ് ഷാഫി പറമ്പിൽ പാലക്കാട്ട് മത്സരിച്ചത്. ഗോപിനാഥിനായി പോസ്റ്ററുകൾ വരെ അച്ചടിച്ച ശേഷമാണ് സ്ഥാനാർഥിയെ മാറ്റിയത്. അന്ന് മുതൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു.
പാർട്ടി അവഗണിക്കുന്നതിനെതിരെ മത്സരരംഗത്തിറങ്ങണമെന്ന് ഗോപിനാഥിനെ പിന്തുണക്കുന്ന കോൺഗ്രസ് അനുഭാവികൾ തന്നെ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രനായി മത്സരിക്കുമോ, സി.പി.എം പിന്തുണയോടെ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.