പുത്തുമല: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ സംസ്കാരം ഉടൻ. എട്ടു പേരുടെ മൃതദേഹങ്ങളുമായി ആംബുലൻസുകൾ പുത്തുമലയിലേക്ക് പുറപ്പെട്ടു. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നൽകിയ 64 സെന്‍റ് സ്ഥലത്താണ് കുഴിമാടമൊരുക്കുന്നത്.
2019ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് മൃതദേഹങ്ങൾ കൽപറ്റ പൊതുശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു. രണ്ടാം ഘട്ടമായാണ് എട്ടു പേരുടsത് സംസ്കരിക്കുന്നത്.
മൃതദേഹങ്ങൾക്ക് പുറമെ കൈകാലുകൾ ഉൾപ്പെടെ അമ്പതിലധികം ശരീരഭാഗങ്ങൾക്കും പ്രത്യേകം കുഴി ഒരുക്കുന്നുണ്ട്. സർവമത പ്രാർഥനക്കു ശേഷമാണ് സംസ്കാരം. പ്രാർഥനക്കായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാര സ്ഥലത്തേക്ക് എത്തിക്കും.
പത്തടിയോളം താഴ്ചയിലാണ് കുഴികള്‍ ഒരുക്കിയത്. നിലവില്‍ 32 കുഴികള്‍ ഇതിനകം എടുത്തിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേർ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു.
അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്.
അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനക്ക് തയാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനക്ക് എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.