കണ്ണൂർ: കുളങ്ങളിലും പുഴകളിലും മരണം പതിയിരിപ്പുണ്ട്. നീന്തൽ അറിയുന്നവർ പോലും മരണക്കയങ്ങളിൽ ഇല്ലാതാവുകയാണ്. സംസ്ഥാനത്ത് റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനുകൾ പൊലിയുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ആയിരത്തിലേറെപേരാണ് ഒരുവർഷം മുങ്ങിമരിക്കുന്നതെന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. ജില്ലയിലും മുങ്ങിമരണങ്ങൾ വർധിക്കുകയാണ്. ഇതിലേറെയും വിദ്യാർഥികളാണ്.
മഴക്കാലത്ത് പുറമെ ശാന്തമാണെങ്കിലും പുഴകളിലും തോടുകളിലും അടിയൊഴുക്ക് ശക്തമാണ്. വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും പുല്ലും പായലുകളും കുളങ്ങളിൽ വില്ലനാവും. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നവർക്കാണ് മിക്കപ്പോഴും ജീവൻ നഷ്ടമാകുന്നത്. ശനിയാഴ്ച ഏച്ചൂർ മാച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ രണ്ട് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്.
മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് കയത്തിൽ ഇല്ലാതായത്. ഏച്ചൂർ വട്ടപ്പൊയില്‍ പന്നിയോട് കുളത്തിൽ അച്ഛനും മകനും മുങ്ങിമരിച്ചതിന്റെ വാർഷിക ദിനത്തിലാണ് ആമിറിനും ആദിലിനും ജീവൻ നഷ്ടമായത്. ഏച്ചൂര്‍ സ്വദേശിയും ഏച്ചൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മാനേജറുമായ ഷാജി മകന് ജ്യോതിരാദിത്യനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് 2022ൽ മരിച്ചത്.
ബന്ധുക്കളായ വിദ്യാർഥികളെ വീട്ടിൽനിന്ന് 150 മീറ്റർ മാത്രം അകലെ ഇരുവാപുഴയിൽ നഷ്ടമായത് ജൂൺ ഏഴിനാണ്. പാവന്നൂർമൊട്ട പുതിയപുരയിൽ നിവേദ് (21), ജോബിൻ ജിത്ത് (16), അഭിനവ് (21) എന്നിവരാണ് കരയിടിഞ്ഞ് പുഴയിൽ വീണുമരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമായ വിദ്യാർഥികൾ വൈകീട്ടാണ് പുഴക്കരയിലെത്തിയത്. പുഴക്കരികിലൂടെ നടക്കുമ്പോൾ മഴയിൽ കുതിർന്ന മണ്ണിടിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ചെറുപുഴ കമ്പിപ്പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. കണ്ണൂർ പുല്ലൂപ്പിക്കടവിലെ കയത്തിൽ മൂന്നുയുവാക്കളുടെ ജീവനുകൾ പൊലിഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാവുന്നതേയുള്ളൂ. ഈ ഭാഗത്ത് കടവിൽ മീൻപിടിത്തക്കാർ കെട്ടിയിട്ട തോണികളിൽ രാത്രിയിൽ ചെറുപ്പക്കാർ പുഴയിൽ കറങ്ങാൻ പോകുന്നത് പതിവാണ്. ഇത്തരത്തിൽ പോയവരാണ് അപകടത്തിൽപെട്ടത്.
ട്യൂഷന് ക്ലാസ് കഴിഞ്ഞ് മടങ്ങവെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസുകാരൻ കണ്ണൂർ കുന്നാവ് ജലദുര്‍ഗ ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താണത് രണ്ടുവർഷം മുമ്പാണ്. അഞ്ചുവർഷംമുമ്പ് ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ ബാരാപുഴയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥികൾ കയത്തിൽപെട്ട് രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഒപ്പമുണ്ടാകുന്നവർ മുങ്ങിത്താഴുമ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മരണസംഖ്യ വർധിക്കുന്നത്.
സ്ഥലപരിചയമില്ലാത്ത കടവുകളിലും പുഴയിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടം വിളിച്ചുവരുത്തും. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബന്ധുവീടുകളിലെത്തി സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപെട്ട കുട്ടികളാണ് അപകടത്തിൽപെടുന്നതിലേറെയും.
നീന്താൻ അറിയാമെന്ന അമിത ആത്മവിശ്വാസത്തിലാണ് പലരും പുഴകളിൽ ഇറങ്ങുന്നത്. എത്രത്തോളം നീന്താൻ അറിയാമെന്നത് പ്രധാനമാണ്. ആഴംകുറഞ്ഞതും ഒഴുക്കില്ലാത്തതുമായ ജലാശയങ്ങളിൽ നീന്തി ശീലിച്ചവർക്ക് പുഴയിലെ കുത്തൊഴുക്കും അടിത്തട്ടിലെ ചളിയും അതിജീവിക്കാനാവില്ല. ഇത്തരത്തിൽ നീന്തലിൽ വൈദഗ്ധ്യമില്ലാത്തവർ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അപകടം ഇരട്ടിക്കാനും കാരണമാകും.
അതിസാഹസികത കാട്ടാനുള്ള സ്ഥലങ്ങളല്ല ജലാശയങ്ങൾ. മഴയിൽ കുളങ്ങളിലും തോടുകളിലും വെള്ളം നിറഞ്ഞതോടെ നീന്തിക്കുളിയുടെ ആവേശത്തിലാണ് കുട്ടികൾ. മുങ്ങിമരണം കൂടുന്ന സാഹചര്യത്തിൽ കുളത്തിലെ നീന്തിക്കുളിക്ക് നേരത്തെ കണ്ണൂർ പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ജനമൈത്രി പൊലീസ് നൽകുന്ന നിർദേശങ്ങൾ നീന്തൽക്കുളത്തിന് സമീപം ബോർഡിൽ പ്രദർശിപ്പിക്കണം, കുട്ടികൾ മുതിർന്നവരുടെ കൂടെ മാത്രമേ നീന്തലിനായി എത്താൻ പാടുള്ളൂ തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായെങ്കിലും പരിശോധനയും നിരീക്ഷണവും കാര്യമായുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.