കോട്ടയം: കേരള പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന കെ.ജി. മുരളീധരൻ (65) നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1982-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട്, തിരുവനന്തപുരം, ന്യൂഡൽഹി, കോട്ടയം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. കേരള പ്രസ് അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചു. മാതൃഭൂമി കോട്ടയം യൂനിറ്റിൽനിന്ന് ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ് പബ്ലിക് റിലേഷൻസ് ഓഫിസറായും പ്രവർത്തിച്ചു.
സിസ്റ്റർ അഭയ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 1999 ആഗസ്റ്റിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘സി.ബി.ഐ എഴുതാത്ത ഡയറിക്കുറിപ്പുകൾ’ പരമ്പരക്ക് അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള തോപ്പിൽ രവി അവാർഡ് ലഭിച്ചു. സിഡ്നി ഒളിമ്പിക്സ്, സോൾ ഗെയിംസ്, റിലയൻസ് ലോകകപ്പ് ക്രിക്കറ്റ്, ഇൻഡിപ്പെൻഡൻസ് കപ്പ്, കൊളംബോ ഏഷ്യാക്കപ്പ്, ജകാർത്ത ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.
സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മണിമല കടയനിക്കാട് കുളത്തുങ്കൽ അമ്പാടി വീട്ടുവളപ്പിൽ. ഭാര്യ: ഷീല സി. പിള്ള (കറുകച്ചാൽ എൻ.എസ്.എസ് ഹൈസ്കൂൾ മുൻ അധ്യാപിക). മക്കൾ: നന്ദഗോപാൽ, മീര നായർ (അസി. പ്രഫസർ, എൻ.എസ്.എസ് കോളജ്, രാജകുമാരി) മരുമക്കൾ: സൂരജ് മാധവൻ, പൗളിന സ്മിഗർ (പോളണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.